LiveTV

Live

Cricket

ബാറ്റിംഗ് വന്മതിലിന്റെ ചോരാത്ത കൈകള്‍

ബാറ്റിംഗിനൊപ്പം സ്ലിപ്പിലും ഷോട്ട് ലെഗിലും സില്ലി പോയിന്റിലുമെല്ലാം വിശ്വസിക്കാവുന്ന കൈകള്‍ കൂടിയായിരുന്നു രാഹുല്‍ ദ്രാവിഡിന്റേത്...

ബാറ്റിംഗ് വന്മതിലിന്റെ ചോരാത്ത കൈകള്‍

പ്രതിരോധിക്കാന്‍ തീരുമാനിച്ചാല്‍ പുറത്താക്കുക അസാധ്യമെന്ന് പല ബൗളര്‍മാരും തുറന്നു പറഞ്ഞിട്ടുള്ള ഇന്ത്യയുടെ ബാറ്റിംഗ് വന്മതിലാണ് രാഹുല്‍ ദ്രാവിഡ്. ബാറ്റിംഗിനൊപ്പം സ്ലിപ്പിലും ഷോട്ട് ലെഗിലും സില്ലി പോയിന്റിലുമെല്ലാം വിശ്വസിക്കാവുന്ന കൈകള്‍ കൂടിയായിരുന്നു രാഹുല്‍ ദ്രാവിഡിന്റേത്. ദ്രാവിഡിന്റെ ക്ലാസിക് ക്യാച്ചുകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജനാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

164 ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി കളിച്ച രാഹുല്‍ ദ്രാവിഡ് 52.31 ശരാശരിയില്‍ 13288 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അദ്ദേഹം 210 ക്യാച്ചുകളും നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത താരമെന്ന റെക്കോഡും നിലവില്‍ ദ്രാവിഡിന്റെ പേരിലാണ്.

ദ്രാവിഡിനെ കൂടാതെ ഒരേയൊരു കളിക്കാരന്‍ മാത്രമേ ടെസ്റ്റില്‍ ക്യാച്ചുകളില്‍ ഡബിള്‍ സെഞ്ചുറിയടിച്ചിട്ടുള്ളൂ. അത് ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ്. 149 ടെസ്റ്റുകളില്‍ നിന്നും 205 ക്യാച്ചുകളെടുത്തിട്ടുണ്ട് ജയവര്‍ധനെ. ഇന്ത്യക്കാരില്‍ ദ്രാവിഡിന് പിന്നിലുള്ളത് വി.വി.എസ് ലക്ഷ്മണാണ്. 134 ടെസ്റ്റുകളില്‍ 135 ക്യാച്ചുകളാണ് ലക്ഷ്മണ്‍ എടുത്തത്. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 115 ക്യാച്ചുകളെടുത്തിട്ടുണ്ട്.

344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 196 ക്യാച്ചുകളെടുത്തിട്ടുണ്ട്. ഇടക്കാലത്ത് ടീമിനുവേണ്ടി കീപ്പറായും വേഷമിട്ട ദ്രാവിഡ് 14 സ്റ്റംപിംഗും നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തിട്ടുള്ള ഫീല്‍ഡറുടെ റെക്കോഡ് ജയവര്‍ധനെക്കാണ് 218 ക്യാച്ചുകളാണ് ജയവര്‍ധനെ എടുത്തിട്ടുള്ളത്.