LiveTV

Live

Cricket

2007ല്‍ നിയന്ത്രിച്ചു, 2013ല്‍ വിശ്വസിച്ചു... ആറ് വര്‍ഷത്തിനിടെ ക്യാപ്റ്റന്‍ ധോണിക്ക് വന്ന മാറ്റം

ക്യാപ്റ്റനായി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബൗളര്‍മാരെ നിയന്ത്രിക്കാതെ അവരെ സ്വയം നിയന്ത്രിക്കാന്‍ വിടുകയായിരുന്നു ധോണി. ക്യാപ്റ്റന്‍സിയില്‍ വര്‍ഷങ്ങള്‍ കഴിയും തോറും ധോണി കൂടുതല്‍ ശാന്തനാവുകയും ചെയ്തു...

2007ല്‍ നിയന്ത്രിച്ചു, 2013ല്‍ വിശ്വസിച്ചു... ആറ് വര്‍ഷത്തിനിടെ ക്യാപ്റ്റന്‍ ധോണിക്ക് വന്ന മാറ്റം

2007ലെ ടി20 ലോകകപ്പില്‍ ആദ്യമായി ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോള്‍ ആവേശത്തോടെ ബൗളര്‍മാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നയാളായിരുന്നു എം.എസ്. ധോണിയെന്ന് ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ 2013 ആകുമ്പോഴേക്കും ബൗളര്‍മാരെ വിശ്വസിക്കുന്ന കൂടുതല്‍ ശാന്തനായ ക്യാപ്റ്റനായി ധോണി മാറിയെന്നും പത്താന്‍ പറയുന്നു. സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ സംസാരിക്കുമ്പോഴാണ് ഇര്‍ഫാന്‍ പത്താന്‍ ക്യാപ്റ്റനില്‍ നിന്നും ക്യാപ്റ്റന്‍ കൂളിലേക്കുള്ള ധോണിയുടെ മാറ്റത്തെ വിശദീകരിച്ചത്.

ക്രിക്കറ്റ് കണക്ടഡില്‍ അവതാരകനാണ് 2007ലേയും 2013ലേയും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പത്താനോട് ചോദിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിക്ക് കീഴില്‍ പത്താന്‍ കളിച്ചിരുന്നു. 'കൂടുതല്‍ ശാന്തനായി' എന്നായിരുന്നു പത്താന്റെ ആദ്യ പ്രതികരണം.

ആദ്യമായി ക്യാപ്റ്റനായപ്പോള്‍ പലപ്പോഴും ധോണി ആവേശത്തിലായിരുന്നു. എങ്കിലും തുടക്കം മുതല്‍ ടീ മീറ്റിംഗുകള്‍ക്ക് അഞ്ച് മിനുറ്റ് മാത്രമായിരുന്നു ദൈര്‍ഘ്യമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ധോണി ക്യാപ്റ്റനായിരിക്കുമ്പോഴത്തെ അഞ്ച് മിനുറ്റ് ടീം മീറ്റിംഗുകള്‍ പ്രസിദ്ധമാണ്. വിശകലനങ്ങള്‍ക്കപ്പുറം മൈതാനത്ത് കളിച്ച് കാണിക്കുകയെന്ന ആശയമാണ് പലപ്പോഴും ധോണി പ്രാവര്‍ത്തികമാക്കിയത്.

''2007ല്‍ ധോണി നിരന്തരം ബൗളര്‍മാര്‍ക്ക് അടുത്തേക്ക് ഓടിയെത്തി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ 2013ആകുമ്പോഴേക്കും ബൗളര്‍മാര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ അവസരം കൊടുക്കുന്ന ധോണിയെയാണ് കാണാനായത്. മാത്രമല്ല, ഇക്കാലത്തിനിടെ സ്പിന്‍ ബൗളര്‍മാരെ കൂടുതല്‍ ധോണി വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. ചാമ്പ്യന്‍സ് ട്രോഫി ആയപ്പോഴേക്കും കളിയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ധോണിക്ക് സംശയമുണ്ടായിരുന്നില്ല''
ഇര്‍ഫാന്‍ പത്താന്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്പിന്നര്‍മാരുമായി സവിശേഷ ബന്ധം ധോണിക്കുണ്ടായിരുന്നുവെന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഒരുതലക്ക് സ്പിന്നറാണെങ്കില്‍ ബാറ്റ്‌സ്മാന്റെ ചെറിയൊരു അശ്രദ്ധപോലും ധോണിക്ക് മിന്നല്‍ സ്റ്റംപിംഗിനുള്ള അവസരം നല്‍കിയിരുന്നു. ഇത് പല മത്സരങ്ങളിലും ഇന്ത്യക്ക് നിര്‍ണ്ണമായ മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.