കപിലിന്റെ ചെകുത്താന്മാര് ലോകം കീഴടക്കിയിട്ട് 37 വര്‍ഷം
1983ലെ ലോകകിരീടത്തിന് ശേഷം പിന്നീടൊരിക്കലും ഇന്ത്യന്‍ ക്രിക്കറ്റ് പഴയതുപോലെയായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ വലിയ മാറ്റത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായിരുന്നു ആ ജയം...

37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ജൂണ്‍ 25നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ സംഭവമുണ്ടായത്. എല്ലാ പ്രവചനങ്ങളേയും കാറ്റില്പറത്തിക്കൊണ്ട് അന്നാണ് കപിലിന്റെ ചെകുത്താന്മാര് ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതുയുഗത്തിന് തുടക്കമിട്ടത് കപില്‍ ദേവിന്റെയും സംഘത്തിന്റേയും ഈ നേട്ടമായിരുന്നു.
അന്ന് പ്രുഡന്‍ഷ്യല്‍ കപ്പിന്റെ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ പോലും അധികമാരും ഇന്ത്യക്ക് സാധ്യത പോലും കല്പിച്ചിരുന്നില്ല. തുടര്‍ച്ചയായി മൂന്നാം ലോകകപ്പ് ഫൈനലിലെത്തിയ ആദ്യ രണ്ട് ലോകകപ്പുകളിലും വിജയിച്ച വിന്‍ഡീസായിരുന്നു എല്ലാ കണക്കുകളിലും മുന്നില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 183ന് ഇന്ത്യ പുറത്തായതോടെ പലരും ചാമ്പ്യന്മാരുടെ കാര്യത്തിലും തീരുമാനമെടുത്തു.
എന്നാല്‍ ഏത് കളിയുടേയും ആത്മാവ് അനിശ്ചിതത്വമാണല്ലോ. മദന്‍ലാലും അമര്‍നാഥും കപിലും വീറോടെ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ എന്ന വന്മരം 140 റണ്‍സിന് ഓള്‍ഔട്ട്. ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീം വിന്‍ഡീസിനെ 43 റണ്‍സിന് തൊല്പിച്ചത്. ലോകകിരീടത്തിന് പിന്നാലെ ഇന്ത്യയിലെ യുവതലമുറയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിനെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രശസ്തമായ ചിത്രമേതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. കപില്‍ദേവ് ചിരിച്ചുകൊണ്ട് ലോഡ്സിന്റെ ഗാലറിയില്‍ ലോകകിരീടം ഉയര്‍ത്തുന്ന ചിത്രം. ഫൈനലില്‍ മൂന്നു വിക്കറ്റും വിലപ്പെട്ട 26 റണ്‍സും നേടിയ മോഹിന്ദര്‍ അമര്‍നാഥായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയുടെ ആദ്യ ലോകകിരീട നേട്ടത്തിന്റെ ഓര്‍മ്മകള്‍ നിരവധി ക്രിക്കറ്റ് താരങ്ങളും മുന്‍കളിക്കാരും ബി.സി.സി.ഐയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16