LiveTV

Live

Cricket

'ഒത്തുകളിക്കില്ലെന്ന് പറഞ്ഞു, 25ാം വയസില്‍ എന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു' പാക് ബൗളര്‍

വഴങ്ങുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ആഡംബര കാറുകളും സമ്മാനമായി ലഭിച്ചിരുന്നു. എനിക്ക് 40 ലക്ഷവും കാറുമായിരുന്നു വാതുവെപ്പുകാരുടെ വാഗ്ദാനം...

'ഒത്തുകളിക്കില്ലെന്ന് പറഞ്ഞു, 25ാം വയസില്‍ എന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു' പാക് ബൗളര്‍

ഒത്തുകളിക്കാരുടെ വാഗ്ദാനം നിരസിച്ചതാണ് 25ാം വയസില്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചതെന്ന് മുന്‍ പാക് പേസ് ബൗളര്‍ ആക്വിബ് ജാവേദ്. ഒരു പാകിസ്താന്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആക്വിബ് ജാവേദിന്റെ വെളിപ്പെടുത്തല്‍. മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രമിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ തന്നെ ആക്വിബ് ജാവേദ് ഉന്നയിച്ചിട്ടുണ്ട്...

സലീം പര്‍വേസ് എന്ന മുന്‍ കളിക്കാരനാണ് പാക് ക്രിക്കറ്റ് കളിക്കാരേയും വാതുവെപ്പുകാര്‍കാരേയും ബന്ധിപ്പിച്ചിരുന്നത്. വഴങ്ങുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ആഡംബര കാറുകളും സമ്മാനമായി ലഭിച്ചിരുന്നു. തന്നെയും വാതുവെപ്പുകാര്‍ സമീപിച്ചെന്നും അവരോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ തന്റെ കരിയര്‍ തന്നെ ഇല്ലാതായെന്നും ആക്വിബ് ജാവേദ് പറയുന്നു.

ആക്വിബ് ജാവേദ്
ആക്വിബ് ജാവേദ്

ആക്വിബ് ജാവേദ് സൂചിപ്പിച്ച സലീം പര്‍വേസിന്റെ വാതുവെപ്പുകാരുമായുള്ള ബന്ധം നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. 1980ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരേയൊരു ഏകദിനം മാത്രം കളിച്ചിട്ടുള്ള സലീം പര്‍വേസ് 2013ല്‍ അന്തരിച്ചിരുന്നു. 1998ലെ ഖയൂം റിപ്പോര്‍ട്ടിലും സലിം പര്‍വേസും വാതുവെപ്പുകാരുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.

സലീം മാലിക്, മുഷ്താഖ് അഹ്മദ് തുടങ്ങിയ പാക് താരങ്ങള്‍ക്ക് പണം നല്‍കിയെന്ന് സലിം പര്‍വേസ് ജസ്റ്റിസ് ഖയൂമിനോട് വെളിപ്പെടുത്തിയിരുന്നു. വാതുവെപ്പില്‍ പിടിയിലായ മറ്റൊരു പാക് ക്രിക്കറ്റ് താരം അമീര്‍ സോഹെയ്‌ലും സലിം പര്‍വേസിന്റെ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇന്‍സമാം ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നീ താരങ്ങള്‍ക്ക് സലിം പര്‍വേസ് പണം നല്‍കിയെന്നായിരുന്നു അമീര്‍ സോഹെയ്ല്‍ പറഞ്ഞത്.

'വാതുവെപ്പുകാര്‍ എന്നെ സമീപിച്ചപ്പോള്‍ ശക്തമായി ഞാന്‍ എതിര്‍ത്തു. അതുകൊണ്ട് എന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചുരുങ്ങിയതില്‍ കുറ്റബോധമില്ല. ഈ നിലപാടുകൊണ്ട് പരമ്പരകളില്‍ നിന്നും എന്നെ ഒഴിവാക്കി'
ആക്വിബ് ജാവേദ്

മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രമിനെതിരെ ആക്വിബ് ജാവേദ് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വാതുവെപ്പുകാരുടെ വാഗ്ദാനം നിരസിച്ചതോടെ താന്‍ ക്യാപ്റ്റനായിരിക്കുന്നിടത്തോളം ആക്വിബ് ജാവേദ് ടീമിലുണ്ടാവില്ലെന്ന് വസീം അക്രം പറഞ്ഞെന്നായിരുന്നു ആരോപണം.

പതിനാറാം വയസില്‍ പാകിസ്താനുവേണ്ടി അരങ്ങേറിയ ക്രിക്കറ്റ് താരമാണ് ആക്വിബ് ജാവേദ്. 22 ടെസ്റ്റുകളില്‍ നിന്നും 54 വിക്കറ്റും 163 ഏകദിനങ്ങളില്‍ നിന്നും 182 വിക്കറ്റുകളും അദ്ദേഹം പാകിസ്താനുവേണ്ടി വീഴ്ത്തിയിട്ടുണ്ട്.