LiveTV

Live

Cricket

സച്ചിന്റെ ആ വിവാദ പുറത്താക്കലുകള്‍ ശരിക്ക് ഔട്ടല്ലായിരുന്നുവെന്ന് സ്റ്റീവ് ബക്‌നര്‍

തന്റെ അമ്പയറിംഗ് ജീവിതത്തിലെ ഏറ്റവും വിഷമിപ്പിച്ച രണ്ട് സംഭവങ്ങളായിരുന്നു സച്ചിന്റെ ആ പുറത്താവലുകളെന്നും ബക്‌നര്‍...

സച്ചിന്റെ ആ വിവാദ പുറത്താക്കലുകള്‍ ശരിക്ക് ഔട്ടല്ലായിരുന്നുവെന്ന് സ്റ്റീവ് ബക്‌നര്‍

രണ്ട് പതിറ്റാണ്ടു മുമ്പ് വരെ ഐ.സി.സി അമ്പയര്‍മാരില്‍ മുന്‍ നിരയിലായിരുന്നു സ്റ്റീവ് ബക്‌നറുടെ സ്ഥാനം. സ്വതസിദ്ധമായ ശൈലിയില്‍ സമയമെടുത്ത് എല്‍.ബി അപ്പീലില്‍ തീരുമാനമെടുക്കുന്ന ബക്‌നറെ കണ്ടിട്ടുള്ള ക്രിക്കറ്റ് പ്രേമികളാരും മറക്കാനിടയില്ല. പിന്നീട് ചില മത്സര തീരുമാനങ്ങളിലെ പാളിച്ചകളാണ് സ്റ്റീവ് ബക്‌നറെന്ന അമ്പയര്‍ക്ക് തിരിച്ചടിയായത്. അതില്‍ ഏറ്റവും വിവാദമായ രണ്ട് പുറത്താവലുകള്‍ സത്യത്തില്‍ ഔട്ടല്ലായിരുന്നുവെന്നാണ് ബക്‌നറുടെ ഇപ്പോഴത്തെ കുറ്റസമ്മതം.

ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ രണ്ട് തവണ തെറ്റായി പുറത്താക്കിയിട്ടുണ്ടെന്നാണ് ബക്‌നര്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേത് 2003ലെ ഗാബ ടെസ്റ്റിലായിരുന്നു. ജാസന്‍ ഗില്ലെസ്പിയുടെ പന്തില്‍ എല്‍.ബി അനുവദിച്ചെങ്കിലും പിന്നീട് സച്ചിന്റെ വിക്കറ്റിന് മുകളിലൂടെ പന്ത് പോകുമായിരുന്നുവെന്ന് റീപ്ലേകളില്‍ തെളിയുകയായിരുന്നു. ഇത് വലിയ വിവാദങ്ങളാണ് അന്ന് ഉയര്‍ത്തിയത്.

മറ്റൊന്ന് ബക്‌നറുടെ കരിയറിനെ തന്നെ സ്വാധീനിക്കാന്‍ ശേഷിയുള്ള തീരുമാനമായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു മത്സരം. 2005ലെ കൊല്‍ക്കത്ത ഈഡന്‍ ഹാര്‍ഡനില്‍ വെച്ചു നടന്ന മത്സരത്തിനിടെ അബ്ദുള്‍ റസാഖിന്റെ പന്തില്‍ സച്ചിന്‍ എഡ്ജ് എടുത്ത് പുറത്തായെന്ന് ബക്‌നര്‍ വിധിച്ചു. എന്നാല്‍ അതും റീപ്ലേകളില്‍ ബാറ്റ് പന്തിനടുത്തുപോലുമില്ലെന്ന് തെളിഞ്ഞിരുന്നു. ഇത് രണ്ടുമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റുകളെന്നാണ് ഒരു റേഡിയോ പ്രാഗ്രാമിനിടെ ബക്‌നറുടെ വെളിപ്പെടുത്തല്‍. അമ്പയര്‍ സ്ഥാനത്തു നിന്നും വിരമിച്ച് 12 വര്‍ഷത്തിന് ശേഷമാണ് ബക്‌നര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞിരിക്കുന്നത്.

തെറ്റുകള്‍ മനുഷ്യസഹജമാണെന്ന് പറഞ്ഞ ബക്‌നര്‍ ഈഡന്‍ ഗാര്‍ഡനില്‍ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നുമുണ്ട്. ഈഡന്‍ ഗാര്‍ഡനില്‍ പ്രത്യേകിച്ച് ഇന്ത്യ ബാറ്റു ചെയ്യുമ്പോള്‍ ഒരു ലക്ഷത്തോളം കാണികളുടെ ആരവത്തില്‍ നിങ്ങള്‍ക്ക് ഒന്നും കേള്‍ക്കാനാവില്ലെന്നാണ് ബക്‌നറുടെ ന്യായീകരണം. അപ്പോഴും തന്റെ അമ്പയര്‍ ജീവിതത്തില്‍ ഏറ്റവും വിഷമിപ്പിച്ച രണ്ട് തെറ്റുകളാണിതെന്നും അദ്ദേഹം ഏറ്റുപറയുന്നുണ്ട്.

ക്രിക്കറ്റില്‍ ഡി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ പൂര്‍ണ്ണമായും അനുകൂലിക്കുകയാണ് സ്റ്റീവ് ബക്‌നര്‍. അമ്പയര്‍മാരുടെ ആത്മവിശ്വാസത്തെ ഡി.ആര്‍.എസ് എത്രത്തോളം ബാധിക്കുമെന്നറിയില്ലെങ്കിലും അമ്പയറിംഗിനെ ഡി.ആര്‍.എസ് സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അമ്പയര്‍മാര്‍ക്ക് കളിക്കളത്തിലുണ്ടാവുന്ന തെറ്റുകളെ കളിക്കളത്തില്‍ വെച്ചു തന്നെ തിരുത്താന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ഡി.ആര്‍.എസ് എന്നും സ്റ്റീവ് ബക്‌നര്‍ അഭിപ്രായപ്പെടുന്നു.

ജമൈക്കക്കാരനായ സ്റ്റീവ് ബക്‌നര്‍ ഫിഫ അംഗീകാരമുള്ള റഫറി കൂടിയായിരുന്നു. 1989 മുതല്‍ 2009 വരെയുള്ള കാലത്ത് 128 ടെസ്റ്റുകളും 181 ഏകദിനങ്ങളും ബക്‌നര്‍ അമ്പയറായി നിയന്ത്രിച്ചിട്ടുണ്ട്. അഞ്ച് ഫൈനലുകള്‍ അടക്കം അഞ്ച് ലോകകപ്പിലും ബക്‌നര്‍ അമ്പയറായിട്ടുണ്ട്.