LiveTV

Live

Cricket

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്ത്

"അപ്പോഴൊക്കെ എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങുമായിരുന്നില്ല. വീട്ടുകാരേയും അതിന് അനുവദിച്ചിരുന്നില്ല...''

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിട്ട കാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് 2013 ആഗസ്തില്‍ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കിയത്. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ഏഴ് വര്‍ഷമായി കുറക്കുകയായിരുന്നു.

2013ലാണ് ശ്രീശാന്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഐ.പി.എല്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദമുണ്ടാവുന്നത്. തുടര്‍ന്ന് പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ശ്രീ തുറന്നു പറഞ്ഞിരിക്കുന്നത്. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ വിഷമം പിടിച്ചകാലത്തെക്കുറിച്ച് ശ്രീശാന്ത് മനസു തുറന്നത്.

സുശാന്ത് സിംഗ് രജപുത്തിന്റെ മരണം തനിക്ക് ഇത്രയേറെ ബാധിക്കാന്‍ കാരണമായത് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയതുകൊണ്ടാണെന്ന് ശ്രീശാന്ത് പറയുന്നു. ഒരുകാലത്ത് താനും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും എന്നാല്‍ അവിടെ നിന്നും കുടുംബത്തിന്റെ പിന്തുണയോടെ തനിക്ക് തിരിച്ചു നടക്കാനായെന്നും ശ്രീ പറയുന്നു. അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്റെ പ്രിയപ്പെട്ടവരെ അത് എത്രമാത്രം വേദനിപ്പിക്കുമെന്ന തിരിച്ചറിവാണ് അതിന് സഹായിച്ചത്. ഈ അനുഭവങ്ങളെക്കുറിച്ചുള്ള ചെറിയൊരു പുസ്തകം അടുത്തമാസം പുറത്തുവരുമെന്നും ശ്രീശാന്ത് പറയുന്നു.

'ഒരു കാലത്ത് എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമായിരുന്നില്ല. വീട്ടുകാരേയും അതിന് അനുവദിച്ചിരുന്നില്ല. എന്നേയോ വീട്ടുകാരെയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന പേടിയായിരുന്നു കാരണം. ആ സമയം വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. ഇതൊന്നും വീട്ടുകാരെ അറിയിക്കാതിരിക്കാന്‍ പാടുപെട്ടിരുന്നു. എനിക്കെവിടെയാണ് തെറ്റിയത് എന്നോര്‍ത്ത് ഏപ്പോഴും കരച്ചില്‍ തന്നെയായിരുന്നു'
ശ്രീശാന്ത്

ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് 2018ലാണ് കേരള ഹൈക്കോടതി എടുത്തു കളയുന്നത്. എന്നാല്‍ ബി.സി.സി.ഐ ഡിവിഷന്‍ ബെഞ്ചില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശത്തിലാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി ബി.സി.സി.ഐ കുറച്ചത്.

വിലക്കിന്റെ ഏഴു വര്‍ഷ കാലയളവ് ഈ ആഗസ്തില്‍ തീരും. ശ്രീശാന്ത് കായികക്ഷമത തെളിയിച്ചാല്‍ കേരളത്തിനുവേണ്ടി കളിക്കാനാകുമെന്ന് കെ.സി.എ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നും 75 വിക്കറ്റും ശ്രീ വീഴ്ത്തിയിട്ടുണ്ട്.