LiveTV

Live

Cricket

27ാം വയസില്‍ അവസാന ഏകദിനം കളിക്കേണ്ടി വന്നത് എന്തുകൊണ്ട്? ഇര്‍ഫാന്‍ പത്താന്‍ പറയുന്നു

ശ്രീലങ്കക്കെതിരെ കളിച്ച അവസാന ഏകദിനത്തില്‍ ഇര്‍ഫാന്‍ പത്താന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ നിരാശനായാണ് ഇര്‍ഫാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്...

27ാം വയസില്‍ അവസാന ഏകദിനം കളിക്കേണ്ടി വന്നത് എന്തുകൊണ്ട്? ഇര്‍ഫാന്‍ പത്താന്‍ പറയുന്നു

എക്കാലത്തേയും മികച്ച വിദേശത്തെ ടെസ്റ്റ് വിജയങ്ങളിലൊന്നാണ് 2003ല്‍ ഇന്ത്യ അഡലെയ്ഡില്‍ നേടിയത്. അന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 19കാരനായ ഇര്‍ഫാന്‍ പത്താനെന്ന ഇടംകയ്യന്‍ മീഡിയം പേസറെ ലോകം ശ്രദ്ധിച്ചു. ഇരുവശത്തേക്കും അനായാസം സ്വിങ് ചെയ്യിക്കാനുള്ള ഇര്‍ഫാന്റെ കഴിവാണ് എതിരാളികളെ കുഴക്കിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകുമെന്ന കരുതപ്പെട്ടിരുന്ന ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ എന്നാല്‍ അകാലത്തില്‍ അവസാനിക്കുകയായിരുന്നു.

2006ല്‍ പാകിസ്താനെതിരെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ പത്താന്റെ പ്രകടനം കണ്ടവരാരും മറന്നുകാണില്ല. തൊട്ടടുത്തവര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ മാന്‍ഓഫ് ദ മാച്ച് പുരസ്‌ക്കാരവും മറ്റാര്‍ക്കുമായിരുന്നില്ല. വെറും 16 റണ്‍ മാത്രം വിട്ടുകൊടുത്താണ് ഇര്‍ഫാന്‍ ഫൈനലില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. അദ്ദേഹം ഏകദിനത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയത് ഏറ്റവും വേഗത്തില്‍ ആ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ ബൗളറായിട്ടായിരുന്നു.

പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ഇര്‍ഫാന്‍ പത്താന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപണറായും മൂന്നാമനായും പത്താനെ ഇറക്കി ഇന്ത്യ എതിരാളികളെ അമ്പരപ്പിച്ചിരുന്നു. കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറെന്ന മികവിലേക്ക് ഇര്‍ഫാന്‍ പത്താന്‍ ഉയരുന്നതിനിടെയാണ് അദ്ദേഹം പൊടുന്നനെ ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷനായത്. 27ാം വയസില്‍ അവസാന ഏകദിനം കളിക്കേണ്ടി വന്നതിനെക്കുറിച്ച് റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്‍ മനസു തുറന്നത്.

''ഇനിയും കൂടുതല്‍ മത്സരങ്ങള്‍ എനിക്ക് ഇന്ത്യക്കുവേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നു. 27ാം വയസിലാണ് അവസാന ഏകദിന മത്സരം കളിച്ചത്. ഇപ്പോള്‍ 35-37 വയസിലൊക്കെ നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെ ഉദാഹരണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എങ്കിലും 35 വയസുവരെ കളിക്കാനായിരുന്നെങ്കില്‍ കാര്യങ്ങള്‍ ആകെ മാറിയേനെ. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല''
ഇര്‍ഫാന്‍ പത്താന്‍

പരിക്കും ഇടക്കാലത്തെ ഫോമില്ലായ്മയും ഇര്‍ഫാന് പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നിരിക്കെയും ടീമില്‍ തനിക്കുണ്ടായിരുന്ന റോളില്‍ വന്ന മാറ്റമാണ് പുറത്താവലിലേക്ക് നയിച്ചതെന്നാണ് പത്താന്‍ സൂചിപ്പിക്കുന്നത്. കളിയിലെ സാഹചര്യം മനസിലാക്കാതെ കണക്കുകള്‍ മാത്രം നോക്കിയാണ് പലപ്പോഴും തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നത് തന്നെ നിരാശപ്പെടുത്തിയെന്നും ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.

ഓപണിംഗ് ബൗളറായിരുന്ന 59 ഏകദിനങ്ങളില്‍ വിക്കറ്റ് വീഴ്ത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ ആദ്യ ബൗളിംഗ് ചേഞ്ചായി പന്തെറിയാനെത്തുമ്പോള്‍ റണ്‍സ് അധികം വിട്ടുകൊടുക്കാതിരിക്കുന്നതിലാകും ബൗളറുടെ ശ്രദ്ധ. പരിശീലകന്റേയും ക്യാപ്റ്റന്റേയും നിര്‍ദേശത്തിനനുസരിച്ചാകും ഈ ബൗളര്‍ മിക്കവാറും പന്തെറിയുക. ഈ വ്യത്യാസം മനസിലാക്കിയാല്‍ വിക്കറ്റിലെ കുറവ് മനസിലാക്കാനാകുമെന്നും ഇര്‍ഫാന്‍ സൂചിപ്പിക്കുന്നു.

'ഇന്ത്യക്കാരന്റെ ഇന്ത്യക്കുവേണ്ടിയുള്ള അഭിപ്രായങ്ങളാണ് എന്റേത്, ഞാന്‍ നിര്‍ത്തില്ല'' ഇര്‍ഫാന്‍ പത്താന്‍
Also Read

'ഇന്ത്യക്കാരന്റെ ഇന്ത്യക്കുവേണ്ടിയുള്ള അഭിപ്രായങ്ങളാണ് എന്റേത്, ഞാന്‍ നിര്‍ത്തില്ല'' ഇര്‍ഫാന്‍ പത്താന്‍

ധോണി നായകനായ ശേഷമാണ് ടീമില്‍ ഇര്‍ഫാന്‍ പത്താന്റെ റോളില്‍ മാറ്റം വന്നത്. ഗാംഗുലിയുടെ സമയത്ത് ലഭിച്ചിരുന്ന ബാറ്റിംഗ് പരിഗണന ധോണിക്കു കീഴില്‍ പലപ്പോഴും ഇര്‍ഫാന് ലഭിച്ചില്ല. ടീം തന്നില്‍ നിന്നും ആവശ്യപ്പെടുന്നത് എന്താണെന്ന് അധികൃതര്‍ ഒരിക്കല്‍ പോലും വ്യക്തമാക്കിയില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. ആദ്യ ബൗളിംഗ് ചേഞ്ചായി വരികയും 7-8 സ്ഥാനത്ത് ബാറ്റ് ചെയ്യുകയുമാണ് ധോണിയുടെ കാലത്ത് പത്താന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അതേറോള്‍ ടീമില്‍ ചെയ്യുന്ന ഓള്‍റൗണ്ടര്‍ ആറ് റണ്‍സിലേറെ വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുന്നത് മോശം കാര്യമായി ആരും കരുതുന്നില്ല. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാണിക്കുന്നു.

2012ല്‍ നടന്ന ടി 20 ലോകകപ്പിലായിരുന്നു ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. അതേ വര്‍ഷം തന്നെ ആഗസ്ത് നാലിന് ശ്രീലങ്കക്കെതിരായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ഏകദിനം. അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്‍ തന്നെയായിരുന്നു അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ശ്രീലങ്കന്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും. പിന്നീടിന്നുവരെ ഇര്‍ഫാന്‍ പത്താന് ഇന്ത്യക്കുവേണ്ടി കളിക്കാനായിട്ടില്ല. ഈ വര്‍ഷം തുടക്കത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.