LiveTV

Live

Cricket

'കുല്‍ദീപിന്റേയും എന്റേയും വിജയത്തിന്റെ പകുതി ധോണിക്ക് അര്‍ഹതപ്പെട്ടത്'' ചഹാല്‍

തന്റെയും കുല്‍ദീപ് യാദവിന്റേയും കരിയറില്‍ ധോണി ചെലുത്തിയ സ്വാധീനം പല സംഭവങ്ങളും ഉദാഹരണമാക്കിക്കൊണ്ട് ചഹാല്‍ നിരത്തി...

'കുല്‍ദീപിന്റേയും എന്റേയും വിജയത്തിന്റെ പകുതി ധോണിക്ക് അര്‍ഹതപ്പെട്ടത്'' ചഹാല്‍

അന്താാഷ്ട്ര കുല്‍ദീപ് യാദവും താനും നേടിയ വിജയങ്ങളുടെ പകുതി അര്‍ഹത മഹേന്ദ്ര സിംഗ് ധോണിക്കാണെന്ന് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പങ്കെടുക്കവേയാണ് ചഹാല്‍ ധോണി തങ്ങളുടെ കരിയറില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മനസു തുറന്നത്. നേരത്തേ പാര്‍ട്ട് ടൈം ബൗളറായ കേദാര്‍ ജാദവും തന്റെ വിക്കറ്റുകള്‍ ധോണിക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.

ചഹാലിന്റെ വിജയത്തില്‍ ധോണിക്കുള്ള പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം. തന്റെയും കുല്‍ദീപ് യാദവിന്റേയും കരിയറില്‍ ധോണി ചെലുത്തിയ സ്വാധീനം പല സംഭവങ്ങളും ഉദാഹരണമാക്കിക്കൊണ്ട് ചഹാല്‍ നിരത്തി. ജെ.പി ഡുമിനിയെ പുറത്താക്കിയ സംഭവമായിരുന്നു ഇതിലൊന്ന്.

''ദക്ഷിണാഫ്രിക്കയില്‍ വെച്ച് ആദ്യമായി അഞ്ച് വിക്കറ്റ് നേടിയത് കളിയിലായിരുന്നു അത്. ഡുമിനി തുടര്‍ച്ചയായി സ്വീപ് ഷോട്ടുകള്‍ കളിക്കുന്നുണ്ടായിരുന്നു. പരീക്ഷണങ്ങള്‍ വേണ്ടെന്നും സ്റ്റംപിന്റെ ലൈനില്‍ പന്തെറിയാനും മഹി ഭായ് നിര്‍ദേശിച്ചു. മൂന്ന് -നാല് ഓവറിനുള്ളില്‍ ഡുമിനി വിക്കറ്റിന് മുന്നില്‍ കുരുങ്ങി''

സമാനമായ സംഭവം ന്യൂസിലന്റില്‍ വെച്ച് ടോം ലാഥമിനെ പുറത്താക്കിയപ്പോഴും ആവര്‍ത്തിച്ചു. ലാഥമും തുടര്‍ച്ചയായി സ്വീപ് ഷോട്ടുകള്‍ കളിക്കുകയായിരുന്നു. ഒന്നും മാറ്റേണ്ടെന്നും സിംഗിളുകള്‍ വന്നോട്ടെയെന്നുമായിരുന്നു മഹി പറഞ്ഞത്. അധികം വൈകാതെ ലാഥം പുറത്താവുകയും ചെയ്തു.

ഐ.പി.എല്ലില്‍ വെച്ച് ഒരിക്കല്‍ ധോണിയെ പുറത്താക്കിയ അനുഭവവും ചഹാല്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡി.ആര്‍.എസിന്റെ കാര്യത്തില്‍. പന്ത് സ്റ്റംപിന്റെ ലൈനിലാണോ എന്ന് മാത്രമേ അദ്ദേഹം ചോദിക്കാറുള്ളൂ. അങ്ങനെയെങ്കില്‍ ഡി.ആര്‍.എസ് എടുക്കാന്‍ അനുവദിക്കുകയും ചെയ്യും. മഹി ഭായ് അങ്ങനെ ചോദിച്ചാല്‍ തന്നെ ഔട്ടാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു'

പ്രാദേശിക ക്രിക്കറ്റില്‍ പോലും അധികം പന്തെറിഞ്ഞിട്ടില്ലാത്ത താന്‍ പാര്‍ട്ട് ടൈം ബൗളറായതിന്റെ ക്രഡിറ്റ് കേദാര്‍ ജാദവ് നേരത്തെ തന്നെ ധോണിക്ക് നല്‍കിയിട്ടുണ്ട്. താന്‍ നേടിയിട്ടുള്ള വിക്കറ്റുകളില്‍ പകുതിയും ധോണിക്ക് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു കേദാര്‍ ജാദവ് പറഞ്ഞിട്ടുള്ളത്.