LiveTV

Live

Cricket

പാക് ഭീകരാക്രമണത്തെ ഓര്‍ത്തെടുത്ത് സംഗക്കാര

ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചു...

പാക് ഭീകരാക്രമണത്തെ ഓര്‍ത്തെടുത്ത് സംഗക്കാര

പാകിസ്താനി ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണം ലോകത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2009 മാര്‍ച്ചില്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തിനായി പോകവേയായിരുന്നു ഭീകരര്‍ ബസിനു ചുറ്റും വെടിയുതിര്‍ത്തത്. മരണം മുന്നില്‍ കണ്ട ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാമായിരുന്ന കുമാര്‍ സംഗക്കാര.

പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോകും വഴിയായിരുന്നു ശ്രീലങ്കന്‍ ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ആദ്യ രണ്ട് ദിവസത്തിനകം 606 റണ്‍ നേടി മികച്ച നിലയിലായിരുന്നു ശ്രീലങ്ക. സ്‌കൈ സ്‌പോര്‍ട്‌സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സംഗക്കാര അന്നത്തെ ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്.

'ഞങ്ങള്‍ സാധാരണ സംസാരങ്ങളിലായിരുന്നു. ഫ്‌ളാറ്റ് വിക്കറ്റായതിനാല്‍ പന്തെറിഞ്ഞ് പുറത്ത് പരിക്കേല്‍ക്കുമെന്നായിരുന്നു ഒരു പേസ് ബൗളര്‍ പറഞ്ഞത്. കൂട്ടത്തില്‍ വല്ല ബോംബോ മറ്റോ പൊട്ടിയാല്‍ നമുക്ക് വീട്ടില്‍ പോകാമായിരുന്നുവെന്ന് പറഞ്ഞു. പിന്നീട് ഇരുപത് സെക്കന്റിനകമാണ് എല്ലാം ആരംഭിച്ചത്'
കുമാര്‍ സംഗക്കാര

ആദ്യം വെടിയൊച്ച കേട്ടപ്പോള്‍ പടക്കമോ മറ്റോ ആകുമെന്നാണ് കരുതിയത്. ടീമിനൊപ്പമുണ്ടായിരുന്ന ഫിസിയോകളില്‍ ഒരാളാണ് വെടിവെപ്പാണെന്നും എല്ലാവരും തറയില്‍ കിടക്കണമെന്നും വിളിച്ചു പറയുന്നത്. ദില്‍ഷന്‍ ബസില്‍ മുന്‍ഭാഗത്തായിരുന്നു. താന്‍ നടുവിലും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ വലതുഭാഗത്ത് പുറകിലും മുരളീധരന്‍ തൊട്ടുപിന്നിലുമാണ് ഇരുന്നിരുന്നതെന്നും കുമാര്‍ സംഗക്കാര ഓര്‍ത്തെടുക്കുന്നു.

കളിക്കാര്‍ ഒന്നിനു മുകളില്‍ മറ്റൊരാളായാണ് തറയില്‍ കിടന്നത്. ഇതിന് പിന്നാലെ വെടിവെപ്പ് ശക്തമായി. ഭീകരര്‍ പരമാവധി തവണ വെടിവെച്ചു. ഗ്രെനേഡ് എറിഞ്ഞു. ഒരു റോക്കറ്റ് ലോഞ്ചറും പ്രയോഗിച്ചു. ഇപ്പോഴും എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണെന്നും സംഗക്കാര പറയുന്നു.

അതേസമയം ലങ്കന്‍ ടീം രക്ഷപ്പെടാന്‍ പ്രധാന കാരണമായത് ബസ് ഡ്രൈവറുടെ മനസ്സാനിധ്യമായിരുന്നുവെന്നും സംഗക്കാര പറഞ്ഞു. രണ്ട് തവണയെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വെടിയുണ്ടയില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടു. ഗദ്ദാഫി സ്റ്റേഡിയത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് മുന്‍ ദിവസങ്ങളില്‍ പലതവണ പിന്നോട്ട് എടുത്ത ശേഷമാണ് തിരിയാനായത്. എന്നാല്‍ വെടിവെപ്പുണ്ടായ ദിവസം ഒരൊറ്റ തവണയില്‍ ബസ് ഇടുങ്ങിയ വഴി കടന്ന് സ്റ്റേഡിയത്തിലെത്തിയെന്നും സംഗക്കാര ഓര്‍ക്കുന്നു.

ഭീകരാക്രമണത്തില്‍ സംഗക്കാരയും തിലന്‍ സമരവീരയും തരന്‍ഗ പരനവിതനയും അജാന്ത മെന്‍ഡിസും അടക്കമുള്ള താരങ്ങള്‍ക്ക് സാരമായി തന്നെ പരിക്കേറ്റിരുന്നു. ഒരു ഒഫീഷ്യലിനും പരിക്കേറ്റു. ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചുവെന്നും സംഗക്കാര പറഞ്ഞു. സംഗക്ക് തോള്‍ ഭാഗത്ത് വെടിയുണ്ടയുടെ ചീളുകള്‍ കൊണ്ടാണ് പരിക്കേറ്റത്.