LiveTV

Live

Cricket

ചാഹലിനെതിരായ ജാതീയ പരാമര്‍ശം, യുവരാജ് മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ

ഏപ്രിലില്‍ രോഹിത്ത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വിവാദ പ്രയോഗമുണ്ടായത്...

ചാഹലിനെതിരായ ജാതീയ പരാമര്‍ശം, യുവരാജ് മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ യുവരാജ് സിംഗിനെതിരെ ആരാധകരുടെ പ്രതിഷേധം. ജാതീയമായി അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് യുവി ഇന്‍സ്റ്റഗ്രാം ലൈവിനിടെ ചാഹലിനെതിരെ പ്രയോഗിച്ചത്. ഏപ്രിലില്‍ രോഹിത്ത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വിവാദ പ്രയോഗമുണ്ടായത്.

യുവരാജ് സിംഗിന്റെ ജാതീയ അധിക്ഷേപത്തിന്റെ ചെറു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. യുവരാജ് മാഫി മാഗോ(യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

യുവരാജിന്റെ ചിന്തകള്‍ ദരിദ്രമാണെന്നും എത്രകാലം ദളിതുകള്‍ ഇത്തരം മാനസിക പീഢനങ്ങള്‍ സഹിക്കണമെന്നുമാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണമെന്നാണ് മറ്റൊരു ട്വീറ്റ്. യുവരാജിന്റെ ആ പ്രയോഗം ചിരിച്ച് പ്രോത്സാഹിപ്പിച്ച രോഹിത് ശര്‍മ്മക്കെതിരെയും വിമര്‍ശമുണ്ട്.

കളിക്കളത്തില്‍ നിന്നും കോവിഡ് മൂലം വിട്ടു നില്‍ക്കേണ്ടി വന്നപ്പോഴും ട്വിറ്ററില്‍ സജീവമായിരുന്നു ചാഹല്‍. കുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചുള്ള ചാഹലിന്റെ വീഡിയോകള്‍ വന്‍ ഹിറ്റുമായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവേയാണ് യുവരാജ് സിംഗില്‍ നിന്നും ജാതീയ അധിക്ഷേപമുണ്ടായത്.