LiveTV

Live

Cricket

സച്ചിന്റേയും ഹര്‍ഭജന്റേയും കളി കാര്യമായെടുത്ത ഗാംഗുലി രാജി പ്രഖ്യാപിച്ചപ്പോള്‍

സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം പലരും ചിരിച്ചു തുടങ്ങി. ചിലരെല്ലാം ചിരിച്ചുകൊണ്ട് ചാടുന്നുമുണ്ടായിരുന്നു. ഇത് കണ്ടതോടെ ഗാംഗുലി കൂടുതല്‍ അസ്വസ്ഥനായി...

സച്ചിന്റേയും ഹര്‍ഭജന്റേയും കളി കാര്യമായെടുത്ത ഗാംഗുലി രാജി പ്രഖ്യാപിച്ചപ്പോള്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ നിര്‍ണ്ണായക ഘട്ടത്തിലൂടെ നയിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ലോകത്തെവിടെയും ഏത് ടീമിനെതിരെയും പൊരുതാനുള്ള മത്സരവീര്യം പ്രകടിപ്പിച്ച സംഘമായി ഇന്ത്യയെ മാറ്റിയെടുത്തതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാള്‍. 2000ത്തില്‍ വാതുവെപ്പ് വിവാദങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റിന് മുഖം നഷ്ടമായ കാലത്ത് ക്യാപ്റ്റനായ ഗാംഗുലി 2005വരെയുള്ള കാലത്ത് നിരവധി കളിക്കാരെയാണ് പിന്തുണച്ചതും വളര്‍ത്തിയതും.

കളിക്കാരും ക്യാപ്റ്റനും തമ്മിലുള്ള ആശയവിനിമയത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്ന ക്യാപ്റ്റനാണ് ഗാംഗുലി. ഒരിക്കല്‍ സച്ചിനും ഹര്‍ഭജനും മറ്റു കളിക്കാരും ചേര്‍ന്ന് തന്നെ ഏപ്രില്‍ ഫൂളാക്കിയ അനുഭവം അദ്ദേഹം അണ്‍അക്കാദമിക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മോശം ബാറ്റിംഗ് ഫോമിന്റെ പേരില്‍ അല്ലെങ്കിലേ അസ്വസ്ഥനായിരുന്നു ഗാംഗുലി. അദ്ദേഹം ഡ്രസിംഗ് റൂമിലേക്ക് വരുമ്പോഴേക്കും ഏപ്രില്‍ ഫൂളിനുള്ള എല്ലാ സാഹചര്യങ്ങളും സഹതാരങ്ങള്‍ ഒരുക്കിയിരുന്നു. ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ സച്ചിനും ഹര്‍ഭജനും അടക്കമുള്ള കളിക്കാര്‍ കൂടി നിന്ന് സംസാരിക്കുന്നതാണ് കണ്ടത്. ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നിരാശപ്പെടുത്തിയെന്ന് സച്ചിനും ഹര്‍ഭജനും പറഞ്ഞു. പത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു കളിക്കാരുടെ അഭിനയം.

ടീം നന്നായി കളിക്കുന്നില്ലെന്ന് താന്‍ പറഞ്ഞെന്ന ആരോപണം സത്യമാണെങ്കില്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇതും പറഞ്ഞ് അദ്ദേഹം സ്വന്തം കസേരയില്‍ പോയിരുന്നു. സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം പലരും ചിരിച്ചു തുടങ്ങി. ചിലരെല്ലാം ചിരിച്ചുകൊണ്ട് ചാടുന്നുമുണ്ടായിരുന്നു. ഇത് കണ്ടതോടെ ഗാംഗുലി കൂടുതല്‍ അസ്വസ്ഥനായി. അപ്പോഴാണ് ഏപ്രില്‍ ഫൂള്‍ ദാദ... എന്ന് ഹര്‍ഭജന്‍ വിളിച്ചു പറഞ്ഞത്.

താന്‍ സ്വന്തം ടീമിന് നല്‍കിയിരുന്ന കരുതല്‍ ടീം അംഗങ്ങളില്‍ നിന്നും തിരിച്ചും ലഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലി പറയുന്നത്. അതിന്റെ തെളിവായും അദ്ദേഹം ഈ സംഭവത്തെ നിരത്തുന്നു.