LiveTV

Live

Cricket

'ഇതേ പോലെ അസാധാരണമായി ബാറ്റ് പിടിച്ചിരുന്ന മറ്റൊരു കുട്ടിയെ എനിക്കറിയാം'

വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ മകന്റെ ചിത്രവും തന്റെ കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ചാണ് ആ അപൂര്‍വ്വത സച്ചിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്...

'ഇതേ പോലെ അസാധാരണമായി ബാറ്റ് പിടിച്ചിരുന്ന മറ്റൊരു കുട്ടിയെ എനിക്കറിയാം'

ആരാണ് കേമനെന്ന് സച്ചിനേയും ലാറയേയും വെച്ച് ആരാധകര്‍ പതിറ്റാണ്ടുകള്‍ തര്‍ക്കിച്ചപ്പോഴും ഇപ്പോഴും തുടരുമ്പോഴും ലാറയും സച്ചിനും സൗഹൃദം മറന്നിരുന്നില്ല. ഇപ്പോഴിതാ ലാറ സ്വന്തം മകന്റെ ചെറു ബാറ്റിംഗ് വീഡിയോ പങ്കുവെച്ചപ്പോള്‍ ഒരിക്കലും മറക്കാത്ത മറുപടിയുമായി സച്ചിനെത്തിയിരിക്കുന്നു.

ബുധനാഴ്ച്ചയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലാറ സ്വന്തം മകന്‍ മാതാവിനൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അവനൊരു ഇടംകൈ ബാറ്റ്‌സ്മാനാകുമെന്നും തന്നേക്കാള്‍ മികച്ച കളിക്കാരനായേക്കുമെന്നും ലാറയെന്ന പിതാവ് നിരീക്ഷിക്കുന്നുണ്ട്. അപ്പോഴും ലാറ കാണാത്ത മറ്റൊന്ന് സച്ചിന്‍ ആ വീഡിയോയില്‍ കണ്ടെത്തി.

'ഇതേ പോലെ ബാറ്റ് പിടിച്ചിരുന്ന മറ്റൊരു കുട്ടിയെ എനിക്കറിയാം, അവന്‍ ക്രിക്കറ്റില്‍ അത്ര മോശം പ്രകടനമല്ല നടത്തിയിട്ടുള്ളത്' എന്നായിരുന്നു ലാറയോട് സച്ചിന്റെ മറുപടി. ഒപ്പം ലാറയുടെ മകന്‍ ബാറ്റു പിടിക്കുന്നതും കുഞ്ഞു സച്ചിന്‍ ബാറ്റു പിടിക്കുന്നതിന്റേയും ചിത്രങ്ങള്‍ സച്ചിന്‍ പങ്കുവെക്കുകയും ചെയ്തു. ഞാനത് ശ്രദ്ധിച്ചുവെന്നും ചില ബൗളര്‍മാര്‍ക്ക് ആ ബാറ്റ് വാളായാണ് അനുഭവപ്പെട്ടതെന്നുമായിരുന്നു ലാറയുടെ മറുപടി.

ഇടം കൈകൊണ്ട് എഴുതുകയും മറ്റും ചെയ്യുന്ന വലംകൈ ബാറ്റ്‌സ്മാനും ബൗളറുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ കുട്ടിക്കാലത്തെ ചിത്രത്തിന്റെ മറഞ്ഞിരിക്കുന്ന പ്രത്യേകതയിലൊന്ന് കുഞ്ഞു സച്ചിന്‍ ബാറ്റ് പിടിച്ചിരിക്കുന്നത് ഇടം കൈ ബാറ്റ്‌സ്മാനെ പോലെയും നില്‍ക്കുന്നത് വലംകൈ ബാറ്റ്‌സ്മാനെ പോലെയുമാണെന്നതാണ്. സമാനമായ ഗ്രിപ്പും നില്‍പുമാണ് ലാറയുടെ മകന്റേയും.