LiveTV

Live

Cricket

മുന്‍ പാകിസ്താന്‍ ഓപണര്‍ തൗഫീക് ഉമറിന് കോവിഡ്

കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരനായ തൗഫീകിന് രോഗം സ്ഥിരീകരിച്ചത്...

മുന്‍ പാകിസ്താന്‍ ഓപണര്‍ തൗഫീക് ഉമറിന് കോവിഡ്

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീക് ഉമറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൗഫീകിന് രോഗം സ്ഥിരീകരിച്ചത്. പാക് മാധ്യമമായ ജിയോ ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് തൗഫീക് പരിശോധനക്ക് വിധേയനായത്. രോഗം സ്ഥിരീകരിച്ചതോടെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ഓപണറായ തൗഫീക് ഇടംകൈ ബാറ്റ്‌സ്മാനാണ്. പാകിസ്താനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് തൗഫീക്. നേരത്ത മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ സഫര്‍ സര്‍ഫറാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 50കാരനായ സഫര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

38കാരനായ തൗഫീക് ഉമര്‍ പാകിസ്താനുവേണ്ടി 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2001ലാണ് ലാഹോര്‍ കാരനായ തൗഫീക് ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റില്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ള തൗഫീക് 37.98 ശരാശരിയില്‍ 2693 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും തൗഫീക് പാകിസ്താനായി കുറിച്ചിട്ടുണ്ട്. 2014ലാണ് പാകിസ്താനുവേണ്ടി അവസാന മത്സരം കളിച്ചത്.