താന്‍ ഒരു ക്രിക്കറ്റ് ആരാധകന്; സുനില്‍ ഛേത്രിയോട് ശശി തരൂര്‍
ക്രിക്കറ്റിനോടുള്ള തന്റെ താല്പര്യം വളരെ ചെറിയ വയസില്‍ത്തന്നെ തുടങ്ങിയതാണെന്നും എന്നാല്‍ തന്റെ മക്കള്‍ ഫുട്ബോള്‍ ആരാധകരാണെന്നും ശശി തരൂര്‍ പറഞ്ഞു.

തനിക്ക് പ്രിയപ്പെട്ട കായികയിനം ക്രിക്കറ്റാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രിയോട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്‍സ്റ്റാഗ്രാം ലൈവിലെ ഒരു സെഷനിലാണ് തരൂര്‍ ഇന്ത്യന്‍ നായകനോട് മനസുതുറന്നത്. ക്രിക്കറ്റിനോടുള്ള തന്റെ താല്പര്യം വളരെ ചെറിയ വയസില്‍ത്തന്നെ തുടങ്ങിയതാണെന്നും എന്നാല്‍ തന്റെ മക്കള്‍ ഫുട്ബോള്‍ ആരാധകരാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഏറ്റവും ഇഷ്ടപ്പെട്ട കായികയിനം ഏതാണെന്ന ഛേത്രിയുടെ ചോദ്യത്തിനാണ് ശശി തരൂര്‍ ഉത്തരം നല്‍കിയത്. ഞാന്‍ ഫുട്ബോള്‍ കാണാറില്ല, പക്ഷെ എന്റെ മക്കള്‍ ഫുട്ബോള്‍ ആരാധകരാണ്. ഞാന്‍ ക്രിക്കറ്റാണ് കാണാറ്. എനിക്ക് ഏഴ് വയസുള്ളപ്പോഴാണ് ആദ്യമായി അച്ഛനോടൊപ്പം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നത്. അന്നുമുതല്‍ ഇന്നുവരെ ഭ്രാന്തമായി ക്രിക്കറ്റിനെ ഞാന്‍ ആരാധിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട താരത്തെ ചൂണ്ടിക്കാണിക്കാന്‍ പോലും അറിയില്ല. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കാണുന്നു, അതുകൊണ്ടുതന്നെ ഒരു പേര് കണ്ടെത്തുന്നത് എളുപ്പമല്ല. തരൂര്‍ പറഞ്ഞു.
ആരാധന തോന്നിയ ആദ്യത്തെ ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു ഛേത്രിയുടെ അടുത്ത ചോദ്യം. എം.എല്‍ ജയ്സിംഹ എന്ന ഒരു താരത്തിനോടായിരുന്നു ആദ്യമായി എനിക്ക് ആരാധന തോന്നിയത്. കളിയെ വ്യത്യസ്തമായി സമീപിക്കുന്ന അദ്ദേഹത്തിന്റെ രീതിയെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. കഴുത്തിന് കുറുകെ ഒരു തൂവാലയും കെട്ടി ബാറ്റിങ്ങിന് വരുന്ന അദ്ദേഹത്തെക്കാണാന്‍ ഒരു പൈറേറ്റിനെപ്പോലെയായിരുന്നു. ഇതായിരുന്നു തരൂരിന്റെ മറുപടി.