സ്റ്റീവ് വോയാണ് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്ന് വോണ്‍ പറയുന്നത് വെറുതെയല്ല
സ്റ്റീവിനോട് താന്‍ കാണിച്ച വിശ്വാസ്യത അദ്ദേഹത്തില്‍ നിന്നും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് വോണ്‍ തന്റെ ആത്മകഥയില്‍ പോലും പറഞ്ഞിട്ടുള്ളത്...

സ്റ്റീവ് വോക്ക് 'ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റ് താരം' എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത് മുന്‍ സഹതാരവും ഒരുകാലത്ത് അടുത്ത സുഹൃത്തുമായിരുന്ന ഷെയ്ന്വോണാണ്. സ്റ്റീവ് വോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്റെ ആത്മകഥയില്‍ വോണ്‍ തുറന്നെഴുതുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അഭിപ്രായം ശരിവെക്കുന്ന കണക്കുകള്‍ പുറത്തുവന്ന വിവരം കൂടി ഷെയ്ന് വോണ്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഇ.എസ്.പി.എന്ക്രിക്ഇന്ഫോ ഏറ്റവും കൂടുതല്‍ റണ്‍ഔട്ടില്‍ പങ്കാളികളായ താരങ്ങളെക്കുറിച്ച് ഒരു വാര്‍ത്ത ചെയ്തത്. ക്രിക് ഇന്‍ഫോ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമതെത്തിയത് സ്റ്റീവ് വോ. ടെസ്റ്റിലും ഏകദിനത്തിലുമായി 493 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റീവ് ഇതിനിടെ 104 റണ്‍ ഔട്ടുകളില്‍ പങ്കാളിയായി. ഇതില്‍ 73 തവണയും സ്റ്റീവ് വോയുടെ പങ്കാളിയാണ് പുറത്തായത്.
സ്റ്റീവ് വോയുടെ 104 റണ്‍ ഔട്ടുകളുടേയും വീഡിയോ റോബ് മൂഡി യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ട് ഈ വീഡിയോക്ക്. റോബ് മൂഡിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ഷെയ്ന്‍വോണ്‍ തന്റെ അഭിപ്രായം സമര്‍ഥിക്കുന്നത്.
തനിക്ക് സ്റ്റീവ് വോയോട് വ്യക്തിപരമായ ദേഷ്യങ്ങളില്ലെന്ന് ട്വീറ്റിലും വോണ്‍ ആവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ എക്കാലത്തേയും മികച്ച ആസട്രേലിയന്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ സ്റ്റീവിനേയും താന്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും വോണ്‍ പറയുന്നു. അതേസമയം താന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റ് താരം സ്റ്റീവ് വോയാണെന്നും ഈ കണക്കുകള്‍ അത് സമര്ഥിക്കുന്നുവെന്നുമാണ് വോണ്‍ പറയുന്നത്.
വോണിന്റെ 'നോ സ്പിന്‍' എന്ന ആത്മകഥയില്‍ സ്റ്റീവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹം തുറന്നെഴുതിയിരുന്നു. കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞുള്ള കാലത്ത് ഷെയ്ന്‍വോണ്‍ പഴയ ഫോമിലേക്കെത്തിയിരുന്നില്ല. വൈസ് ക്യാപ്റ്റനായ വോണിനെ അന്ന് ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കുന്നത് സ്റ്റീവ് വോയാണ്. സെലക്ഷന് യോഗത്തില്‍ വോണും പങ്കെടുത്തിരുന്നു. സ്റ്റീവിനോട് താന്‍ കാണിച്ച വിശ്വാസ്യത അദ്ദേഹത്തില്‍ നിന്നും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് വോണ്‍ പറഞ്ഞിട്ടുള്ളത്.
2002ല്‍ സ്റ്റീവ് വോയില്‍ നിന്നും ആസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി വോണിനേക്കാള്‍ അഞ്ച് വയസ് കുറവുള്ള റിക്കി പോണ്ടിംഗിനാണ് കൈമാറിയത്. എന്നാല്‍ പിന്നീട് ഐ.പി.എല്ലില്‍(2008-13) വോണിന്റെ നേതൃമികവ് ലോകം കണ്ടു. ആദ്യ ഐ.പി.എല്ലില്‍ രാജസ്ഥാന് കിരീടം നേടി കറുത്തകുതിരകളായത് വോണിന്റെ ക്യാപ്റ്റന്‍സിയുടേയും പരിശീലകവേഷത്തിന്റേയും മികവായിരുന്നു.