LiveTV

Live

Cricket

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം ധോണിയല്ല

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആകെ കളിച്ച 165ല്‍ ഒന്നൊഴികെ 164 മത്സരവും ഈ കളിക്കാരന്‍ കളിച്ചിട്ടുണ്ട്...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം ധോണിയല്ല

ഐ.പി.എല്ലില്‍ ഇതുവരെയുള്ള സീസണുകളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യസീസണ്‍ മുതല്‍ സി.എസ്.കെയുടെ വിജയങ്ങളിലെ അവിഭാജ്യ ഘടകമാണ് നായകന്‍ ധോണി. ധോണിക്ക് കീഴില്‍ പത്തു സീസണുകളിലും സി.എസ്.കെ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. മൂന്ന് തവണ ചാമ്പ്യന്മാരുമായിട്ടുണ്ട്.

ഐ.പി.എല്ലില്‍ ആകെ 190 മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 160 മത്സരങ്ങളിലും ധോണി ഇറങ്ങിയിട്ടുണ്ട്. സി.എസ്.കെക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ കളിക്കാരില്‍ ഒരാളാണ് ധോണി. പക്ഷേ, ധോണിയല്ല ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം.

ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി പത്തു സീസണുകളിലും കളിച്ച സുരേഷ് റെയ്‌നയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ടീമിനുവേണ്ടി കളിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇതുവരെ കളിച്ച 165 മത്സരങ്ങളില്‍ ഒന്നൊഴികെ 164ലും റെയ്‌ന കളിച്ചിട്ടുണ്ട്. 2018ല്‍ മാത്രമാണ് റെയ്‌നക്ക് ഒരു കളി നഷ്ടമായത്. അന്ന് കാല്‍വണ്ണയിലെ മസിലിനേറ്റ പരിക്കാണ് വില്ലനായത്. അല്ലെങ്കില്‍ റെയ്‌ന സി.എസ്.കെയുടെ എല്ലാ കളികളിലും ഇറങ്ങിയേനേ.

സി.എസ്.കെക്കുവേണ്ടി മാത്രമല്ല ഐ.പി.എല്ലിന്റെ ചരിത്രത്തിലും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ സ്ഥിരതയുള്ള റെക്കോഡ് റെയ്‌നയുടെ പേരിലാണ്. ഐ.പി.എല്ലില്‍ 193 മത്സരങ്ങളിലാണ് റെയ്‌ന കളിച്ചത്. ഇവിടെയും രണ്ടാം സ്ഥാനത്ത് ധോണിയുണ്ട്(190). രോഹിത് ശര്‍മ്മ(188), ദിനേശ് കാര്‍ത്തിക്(182), വിരാട് കോഹ്‌ലി(177) എന്നിവരാണ് പിന്നീട് കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഐ.പി.എല്‍ താരങ്ങള്‍.

2010ലാണ് ധോണിക്ക് ആദ്യമായി ഒരു ഐ.പി.എല്‍ മത്സരം നഷ്ടമാവുന്നത്. 2011-15 കാലയളവില്‍ സി.എസ്.കെയുടെ എല്ലാ മത്സരങ്ങളിലും ധോണി കളിച്ചു. 2017-18ലും ഇത് തുടര്‍ന്നു. 2019സീസണില്‍ പുറത്തെ പേശിവലിവ് മൂലം രണ്ട് മത്സരങ്ങളില്‍ നിന്നും ധോണിക്ക് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.