LiveTV

Live

Cricket

അന്ന് ഈ നിയമമുണ്ടായിരുന്നെങ്കില്‍ കളിമാറിയേനേയെന്ന് ഐ.സി.സിയോട് സച്ചിന്‍

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന സഖ്യങ്ങളിലൊന്നായ സച്ചിനേയും ഗാംഗുലിയേയും കുറിച്ച് ഐ.സി.സി ഇട്ട ട്വീറ്റിലാണ് സച്ചിന്റെ ഓര്‍മ്മപ്പെടുത്തല്‍...

അന്ന് ഈ നിയമമുണ്ടായിരുന്നെങ്കില്‍ കളിമാറിയേനേയെന്ന് ഐ.സി.സിയോട് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ എന്നും മനസില്‍ താലോലിക്കുന്ന ചിത്രമാണ് സച്ചിന്‍ ഗാംഗുലി സഖ്യത്തിന്റെ ഓപണിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപണിംഗ് സഖ്യമായ സച്ചിനേയും ഗാംഗുലിയേയുംകുറിച്ച് ഐ.സി.സി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് അന്ന് ഇപ്പോഴത്തെ നിയമങ്ങളുണ്ടായിരുന്നെങ്കില്‍ ഇതിലേറെ ഞങ്ങള്‍ നേടുമായിരുന്നുവെന്ന് സച്ചിന്‍ സൂചിപ്പിച്ചത്.

176 ഏകദിനങ്ങളില്‍ നിന്നായി 47.55 ശരാശരിയില്‍ 8227 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് സച്ചിന്‍ ഗാംഗുലി സഖ്യം. ഇക്കാര്യമാണ് കണക്കു നിരത്തി ഐ.സി.സി ട്വീറ്റു ചെയ്തത്. കൂട്ടത്തില്‍ മറ്റൊരു സഖ്യവും ഏകദിനത്തില്‍ ആറായിരം റണ്‍സ് കടന്നിട്ടില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.

ഇപ്പോഴത്തെ ഐ.സി.സി നിയമങ്ങളുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എത്ര റണ്‍സ് കൂടുതല്‍ നേടുമായിരുന്നുവെന്ന് ദാദയോടുള്ള ചോദ്യം സഹിതമാണ് സച്ചിന്‍ ഐ.സി.സി ട്വീറ്റ് പങ്കുവെച്ചത്. റിംഗിന് പുറത്ത് നാല് ഫീല്‍ഡര്‍മാരേ പാടുള്ളൂ എന്നും രണ്ട് പുതിയ പന്തുകള്‍ എടുക്കാമെന്നതുമായ പുതിയ നിയമങ്ങളാണ് സച്ചിന്‍ സൂചിപ്പിച്ചത്.

ഒട്ടും വൈകാതെ 42 മിനുറ്റിനകം സച്ചിന്റെ ട്വീറ്റിന് ഗാംഗുലിയുടെ മറുപടിയുമെത്തി. കുറഞ്ഞത് നാലായിരം റണ്‍സെങ്കിലുമെന്നായിരുന്നു ദാദ പറഞ്ഞത്. രണ്ട് ന്യൂബോളുകള്‍ എന്നാല്‍ ആദ്യ ഓവറുകളില്‍ കവര്‍ ഡ്രൈവിലൂടെ പറക്കുന്ന ബൗണ്ടറി 50 ഓവറുകളും നീളുമെന്ന് പറയുന്നതു പോലുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്.