LiveTV

Live

Cricket

ദേശീയ ടീമില്‍ നിന്നും എന്തുകൊണ്ട് പുറത്താക്കിയെന്ന് ഇപ്പോഴും അറിയില്ലെന്ന് അമിത് മിശ്ര

ഗാംഗുലിയില്‍ നിന്നും ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 70-80 ടെസ്റ്റുകള്‍ കളിക്കാന്‍ സാധിച്ചേനേ....

ദേശീയ ടീമില്‍ നിന്നും എന്തുകൊണ്ട് പുറത്താക്കിയെന്ന് ഇപ്പോഴും അറിയില്ലെന്ന് അമിത് മിശ്ര

മികച്ച പ്രകടനങ്ങള്‍ തുടരുമ്പോഴും ദേശീയ ടീമില്‍ നിന്നും തന്നെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ലെന്ന് സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യക്കുവേണ്ടി 36 ഏകദിനങ്ങളില്‍ നിന്നും 64 വിക്കറ്റും 22 ടെസ്റ്റില്‍ നിന്നും 76 വിക്കറ്റും നേടിയിട്ടുണ്ട് 37കാരനായ അമിത് മിശ്ര. സ്‌പോര്‍സ് തക് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു അമിത് മിശ്രയുടെ പ്രതികരണം.

'എനിക്കെന്താണ് പറ്റിയതെന്ന് ഇപ്പോഴും സ്വയം ചോദിക്കാറുണ്ട് ആരും എനിക്ക് തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല. ആരെങ്കിലും പരിക്കുപറ്റി ടീമിന് പുറത്തുപോയാല്‍ പിന്നീട് അവസരം ലഭിക്കുന്നതാണ്. സാഹ ഒന്നരവര്‍ഷമാണ് പരിക്കു മൂലം ടീമില്‍ നിന്നും വിട്ടുനിന്നത്. എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുണ്ടായില്ല' എന്നായിരുന്നു അമിത് മിശ്രയുടെ പ്രതികരണ. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20യില്‍ പരിക്കേറ്റ് ടീമിന് പുറത്തുപോയ അമിത് മിശ്ര പിന്നീട് ദേശീയടീമില്‍ കളിച്ചിട്ടില്ല.

സെലക്ടര്‍മാരില്‍ നിന്നോ ടീംമാനേജ്‌മെന്റില്‍ നിന്നോ എന്തുകൊണ്ടാണ് പരിക്കിന് ശേഷം തിരിച്ചുവരാന്‍ അവസരം ലഭിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അമിത് മിശ്ര പറയുന്നു. അതേസമയം തന്റെ കാര്യം സെലക്ടര്‍മാരുമായി സംസാരിക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി ഉറപ്പു നല്‍കിയിരുന്നു. ടി20യില്‍ ഒരുതവണയെങ്കിലും കളിച്ച് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്നും ഹരിയാനക്കാരനായ അമിത് മിശ്ര സൂചിപ്പിക്കുന്നുണ്ട്.

സൗരവ് ഗാംഗുലിയില്‍ നിന്നും ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 70-80 ടെസ്റ്റുകള്‍ കളിക്കാന്‍ സാധിച്ചേനേ. ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ പരിക്കുമൂലം ടീമില്‍ നിന്നും പുറത്താവേണ്ടി വന്നവനാണ് താനെന്നും അമിത് മിശ്ര പറുന്നു.