LiveTV

Live

Cricket

ഇനിയങ്ങോട്ട് കൊവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരും, അതീവ ജാഗ്രത പുലര്‍ത്തണം- ഗൗതം ഗംഭീര്‍

വൈറസ് നമുക്ക് ചുറ്റുമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടു മാത്രമേ മുന്നോട്ടു പോകാനാകൂ

ഇനിയങ്ങോട്ട് കൊവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരും, അതീവ ജാഗ്രത പുലര്‍ത്തണം- ഗൗതം ഗംഭീര്‍

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരവെ രാജ്യത്തെ ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എം.പിയും മുന്‍ താരവുമായ ഗൗതം ഗംഭീര്‍. ഇനിയങ്ങോട്ട് കൊവിഡ് രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരുമെന്ന് ഗംഭീര്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. അവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാണ് ഗംഭീര്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എത്തിയത്.

കൊറോണ വൈറസ് അതിവേഗം വിട്ടുപോകില്ലെന്നാണ് താരം നല്‍കുന്ന സൂചന. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുമ്പോള്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് പകരം മറ്റെന്തെങ്കിലും മാര്‍ഗം വന്നേക്കാം. അതിലുപരി കളിക്കാര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുകയെന്നതിന് ഒരു പരിധിയുണ്ട്. ക്രിക്കറ്റില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഗംഭീര്‍ വ്യക്തമാക്കി.

വൈറസ് നമുക്ക് ചുറ്റുമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടു മാത്രമേ മുന്നോട്ടു പോകാനാകൂ. അതിനുള്ള തയ്യാറെടുപ്പുകള്‍ കളിക്കാര്‍ നടത്തണം. താരങ്ങളേയും കോവിഡ് ബാധിച്ചേക്കാം. അതുമായി പൊരുത്തപ്പെടുകയാണ് വേണ്ടത്. ശാരീരിക അകലം ക്രിക്കറ്റില്‍ അല്‍പമെങ്കിലും പാലിക്കാമെങ്കിലും ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ ടീം ഇനങ്ങളിലെ കളികളില്‍ അത് പ്രായോഗികമാകില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പും ഐപിഎല്ലുമെല്ലാം ഈ വര്‍ഷം നടത്താനാകുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം നിയന്ത്രണത്തിലാകാതെ മത്സരങ്ങള്‍ തുടരാനാകില്ല. ഇന്ത്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളും അനിശ്ചിതമായി നീണ്ടുപോവുകയാണ്. യൂറോ കപ്പും ഒളിമ്പിക്‌സും അടുത്തവര്‍ഷത്തേക്ക് നീട്ടുവെച്ചുകഴിഞ്ഞു.