LiveTV

Live

Cricket

'അവനൊരു വിഡ്ഢിയാണ്' ആദ്യമായി ധവാനൊപ്പം ഓപണറായി ഇറങ്ങിയ അനുഭവം പങ്കിട്ട് രോഹിത്ത് ശര്‍മ്മ

പ്രതിരോധിക്കുന്ന പന്തുകള്‍ പോലും ചിലപ്പോള്‍ ഒന്നു രണ്ട് സ്‌റ്റെപ്പ് കയറി വന്നാകും നേരിടുക. ഇതോടെ നോണ്‍ സ്‌ട്രൈക്കര്‍ റണ്‍സിനായി ഓടണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാകും...

'അവനൊരു വിഡ്ഢിയാണ്' ആദ്യമായി ധവാനൊപ്പം ഓപണറായി ഇറങ്ങിയ അനുഭവം പങ്കിട്ട് രോഹിത്ത് ശര്‍മ്മ

ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണിങ് സഖ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയും ശിഖര്‍ധവാനും. ഇരുവരും ചേര്‍ന്ന് 107 കളികളില്‍ നിന്നും 4802 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. റണ്‍ വെച്ചു നോക്കിയാല്‍ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നാലാമത്തെ സഖ്യമാണ് ഇവരുടേത്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ധവാനൊപ്പമുള്ള ഓപണിങ് സഖ്യത്തിലെ തുടക്കകാലമെന്നാണ് രോഹിത് ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.

ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു രോഹിത്ത് ശര്‍മ്മ ധവാനൊപ്പമുണ്ടായ അനുഭവങ്ങള്‍ പങ്കിട്ടത്. ഹൈദരാബാദ് സണ്‍റൈസേഴ്‌സില്‍ വാര്‍ണറുടെ ഓപണിങ് പങ്കാളിയാണ് വാര്‍ണര്‍. ആദ്യ പന്ത് നേരിടാന്‍ നിങ്ങളോടും ധവാന്‍ ആവശ്യപ്പെടാറുണ്ടോ എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. അവനൊരു വിഡ്ഢിയാണെന്നായിരുന്നു രോഹിത്ത് ശര്‍മ്മയുടെ ആദ്യ പ്രതികരണം.

2013ലെ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ആദ്യമായി ധവാനൊപ്പം ഓപണറായ അനുഭവങ്ങളാണ് ആദ്യം രോഹിത്ത് പറഞ്ഞത്. രോഹിത്ത് ഓപണറായി രണ്ടാം അന്താരാഷ്ട്ര മത്സരം മാത്രമായിരുന്നു അത്. ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍. മോര്‍ക്കലും സ്‌റ്റെയിനുമൊക്കെയാണ് പ്രോട്ടീസിന്റെ പേസ് ബൗളര്‍മാര്‍. അവരെ ഒരിക്കലും ആദ്യ ഓവറുകളില്‍ നേരിട്ടിട്ടില്ലാത്ത രോഹിത്ത് ധവാനോട് ആദ്യ പന്ത് ഫേസ് ചെയ്യാമോ എന്ന് ചോദിച്ചു. കുറേകാലമായില്ലേ ക്രിക്കറ്റ് തുടങ്ങിയിട്ട് നീ തന്നെ ഫേസ് ചെയ്താമതിയെന്ന രീതിയിലായിരുന്നു ധവാന്റെ മറുപടിയെന്ന് ചിരിച്ചുകൊണ്ട് രോഹിത്ത് ശര്‍മ്മ പറുന്നു.

മോര്‍ക്കലിന്റെ ആദ്യ ഓവറിലെ പന്തുകള്‍ കണ്ടുപോലുമില്ലെന്നാണ് രോഹിത്ത് പറയുന്നത്. പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പ്രതീക്ഷിക്കുന്നതിലേറെ ബൗണ്‍സും ബൗളര്‍ക്ക് ലഭിച്ചിരുന്നു. എപ്പൊ ഓപണിങിനിറങ്ങുമ്പോഴും ആദ്യ പന്ത് നേരിടാന്‍ ഇഷ്ടമില്ലാത്ത കളിക്കാരനാണ് ധവാനെന്നും രോഹിത്ത് ശര്‍മ്മ പറയുന്നു. സണ്‍റൈസേഴ്‌സില്‍ രോഹിത്ത് ശര്‍മ്മയുടെ റോളിലുള്ള വാര്‍ണര്‍ ഇതുകേട്ട് ആര്‍ത്തു ചിരിക്കുന്നുമുണ്ട്.

ക്രീസില്‍ കളിക്കുന്നതിനിടെ വെറുപ്പിക്കുന്ന ചില സ്വഭാവങ്ങളും ധവാനുണ്ടെന്നും രോഹിത്ത് പറയുന്നു. മത്സരത്തിനിടെ ആ ബൗളറെ എന്തു ചെയ്യണം എങ്ങനെ നേരിടണം തുടങ്ങിയ കാര്യങ്ങളൊക്കെയാകും ചിന്തിക്കുക. ഇടക്ക് ഇക്കാര്യം ധവാനോട് പറഞ്ഞാള്‍ അഞ്ച് സെക്കന്റ് കഴിഞ്ഞായിരിക്കും ധവാന്‍ എന്താ പറഞ്ഞതെന്ന് ചോദിക്കുക. എങ്ങനെ പ്രതികരിക്കണമെന്നു പോലും ആ സമയത്തറിയില്ലെന്ന് രോഹിത്ത് ശര്‍മ്മ പറയുന്നു.

ബാറ്റിങിനിടെ ധവാന്റെ മറ്റൊരു വിചിത്ര സ്വഭാവവും രോഹിത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രതിരോധിക്കുന്ന പന്തുകള്‍ പോലും ചിലപ്പോള്‍ ഒന്നു രണ്ട് സ്‌റ്റെപ്പ് കയറി വന്നാകും നേരിടുക. ഇതോടെ നോണ്‍ സ്‌ട്രൈക്കര്‍ റണ്‍സിനായി ഓടണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാകും. കുറച്ചു തവണ ഇത് ആവര്‍ത്തിച്ചതോടെ പന്ത് കൃത്യമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഓടിയാല്‍ മതിയെന്ന് താന്‍ തീരുമാനിച്ചെന്നും രോഹിത്ത് ശര്‍മ്മ പറയുന്നു. ഇതോടെ പല റണ്‍സുകളും നഷ്ടപ്പെട്ടെങ്കിലും റണ്‍ ഔട്ട് ഒഴിവായതിനാല്‍ തനിക്ക് നിരാശയില്ലെന്നും രോഹിത്ത് ശര്‍മ്മ കൂട്ടിച്ചേര്‍ക്കുന്നു.