LiveTV

Live

Cricket

വിശാഖപട്ടണത്തെ വാതകചോര്‍ച്ച, നടുക്കം രേഖപ്പെടുത്തി കോഹ്‌ലിയും യുവിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍

വിശാഖപട്ടണത്തെ എല്‍.ജി പോളിമര്‍ പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്...

വിശാഖപട്ടണത്തെ വാതകചോര്‍ച്ച, നടുക്കം രേഖപ്പെടുത്തി കോഹ്‌ലിയും യുവിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍

ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തു നിന്നുള്ള ദുരന്തവാര്‍ത്തയാണ് ഇന്ന് രാവിലെ രാജ്യത്തെ നടുക്കിയത്. വിശാഖപട്ടണത്തെ എല്‍.ജി പോളിമര്‍ പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചികിത്സയിലുള്ള 200 പേരില്‍ ഇരുപത് പേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പ്ലാന്റില്‍ നിന്നും വിഷവാതകം ചോരാന്‍ തുടങ്ങിയത്. മൂന്നു മണിക്കൂറിനുള്ളില്‍ ചോര്‍ച്ച അടക്കാനായെങ്കിലും അപ്പോഴേക്കും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വാതകം പടര്‍ന്നിരുന്നു. തെരുവില്‍ നിരവധി പേരാണ് ബോധരഹിതരായി വീണത്. പ്രാഥമികഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ബുദ്ധിമുട്ടി. ഇരുപത് ഗ്രാമങ്ങളില്‍ നിന്നായി അയ്യായിരം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേനേടിയ ദുരന്തത്തില്‍ പ്രതികരണവുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചും നടുക്കം രേഖപ്പെടുത്തിയും സന്ദേശങ്ങള്‍ പങ്കുവെച്ചു. വാതകചോര്‍ച്ചയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നുവെന്നും ചികിത്സയിലുള്ളവരുടെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ട്വീറ്റ്.

ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ഉറച്ചു നിന്നുകൊണ്ട് ദുരന്തത്തെ നേരിടാന്‍ വിശാഖപട്ടണത്തിന് കരുത്തുണ്ടാകട്ടെയെന്നുമായിരുന്നു യുവിയുടെ ട്വീറ്റ്. മരണങ്ങളിലുള്ള ദുഃഖം രേഖപ്പെടുത്തിയ യുവി ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശ്വസിപ്പിക്കുന്നു. കോവിഡിനിടെ മറ്റൊരു ദുരന്തം കൂടി കേള്‍ക്കേണ്ടി വന്നതിന്റെ നടുക്കമാണ് അശ്വിന്‍ രേഖപ്പെടുത്തുന്നത്. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഉമേഷ് യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ധവാല്‍ കുല്‍ക്കര്‍ണി, ആര്‍ ശ്രീധര്‍ തുടങ്ങിയവരും വാതകചോര്‍ച്ച ദുരന്തത്തെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.