LiveTV

Live

Cricket

ധോണിയും കോഹ്‍ലിയും യുവരാജിനെ ചതിച്ചു; ആരോപണവുമായി യോഗ്‍രാജ് സിങ്

2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിര‍ഞ്ഞെടുക്കുമ്പോൾ സുരേഷ് റെയ്ന ഉള്ളതിനാൽ യുവരാജിന്റെ ആവശ്യമില്ലെന്ന് സിലക്ടർമാരിൽ ഒരാൾ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി

ധോണിയും കോഹ്‍ലിയും യുവരാജിനെ ചതിച്ചു; ആരോപണവുമായി യോഗ്‍രാജ് സിങ്

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ മുൻ നായകന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‍ലിയും ചതിച്ചതായി പിതാവ് യോഗ്‍രാജ് സിങ്. ഇന്ത്യക്ക് ടി20, ഏകദിന ലോകകപ്പുകൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാൻ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‍രാജിന്റെ വിമർശനം. മുമ്പും മഹേന്ദ്രസിങ് ധോണി ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് യോഗ്‍രാജ് സിങ്.

‘ധോണിയും കോഹ്‍ലിയും, എന്തിന് സിലക്ടർമാർ പോലും യുവരാജിനെ ചതിച്ചെന്ന് ഞാൻ പറയും. അടുത്തിടെ ഞാൻ രവി ശാസ്ത്രിയെ കണ്ടിരുന്നു. എല്ലാ പ്രമുഖ താരങ്ങൾക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നല്ലൊരു യാത്രയയപ്പ് നൽകാനുള്ള ചുമതല ഇന്ത്യൻ ടീമിനുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ധോണിയും കോലിയും രോഹിത് ശർമയുമൊക്കെ വിരമിക്കുമ്പോൾ നല്ലൊരു യാത്രയയപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യൻ ക്രിക്കറ്റിനായി വളരെയധികം സംഭാവനകൾ നൽകിയവരാണ് അവർ.’ – യോഗ്‌രാജ് പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിര‍ഞ്ഞെടുക്കുമ്പോൾ സുരേഷ് റെയ്ന ഉള്ളതിനാൽ യുവരാജിന്റെ ആവശ്യമില്ലെന്ന് സിലക്ടർമാരിൽ ഒരാൾ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി നൽകിയ പിന്തുണ തനിക്ക് ധോണിയിൽനിന്നോ വിരാട് കോലിയിൽനിന്നോ ലഭിച്ചില്ലെന്ന് യുവരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് റെയ്നയ്ക്ക് ധോണി ശക്തമായ പിന്തുണ നൽകിയിരുന്നതായും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.