LiveTV

Live

Cricket

വിക്കറ്റിന് പിന്നിലെ ടില്ലി എന്ന വിളിക്കായി കാത്തിരിക്കുന്നു- ചഹല്‍ പറയുന്നു...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചഹലിന്റെ ഉയര്‍ച്ചക്ക് പ്രധാന കാരണക്കാരിലൊരാള്‍ ധോണിയാണ്

വിക്കറ്റിന് പിന്നിലെ ടില്ലി എന്ന വിളിക്കായി കാത്തിരിക്കുന്നു- ചഹല്‍ പറയുന്നു...

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അവസാന ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിച്ചിട്ട് 10 മാസം തികയുകയാണ്. എന്നിരുന്നാലും മഹിയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ആരാധകരെ പോലെ തന്നെ സഹ താരങ്ങളായി കളിച്ചവർക്കും ധോണിയുടെ ടീമിലെ വിടവ് മറക്കാനാവുന്നതല്ല.

ഡ്രസിങ് റൂമില്‍ സഹതാരങ്ങളോട് അടുത്ത് ഇടപഴകുന്ന പ്രകൃതമായിരുന്നു ധോണിയുടേത്. ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അടുത്തിടെ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ധോണിയുണ്ടാക്കിയ വിടവിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചഹൽ.

'ധോണിയെ കാണാന്‍ റാഞ്ചിയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അദൃശ്യനാകാന്‍ പറ്റുമായിരുന്നെങ്കില്‍ അദ്ദേഹത്തിനടുത്ത് പറന്നെത്തുമായിരുന്നു. വിമാനം പറന്നു തുടങ്ങിയാല്‍ ഉടന്‍ റാഞ്ചിയിലെത്തും. 24 മണിക്കൂറും തന്റെ ഇന്‍സ്റ്റഗ്രാം ധോണിയുടെ ആരാധകര്‍ക്കായി തുറന്നുവെക്കും. വിക്കറ്റിന് പിന്നില്‍ നിന്ന് ടില്ലി എന്ന് നീട്ടി വിളിക്കുന്നത് കേള്‍ക്കാന്‍ ഞാനിപ്പോഴും മോഹിക്കുന്നു'- ചഹല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചഹലിന്റെ ഉയര്‍ച്ചക്ക് പ്രധാന കാരണക്കാരിലൊരാള്‍ ധോണിയാണ്. ധോണി നായകനായിരിക്കുമ്പോഴാണ് ചഹല്‍ അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ഇതുവരെയായി 52 ഏകദിന മത്സരങ്ങളും 42 ടി20 മത്സരങ്ങളും ചഹൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.