LiveTV

Live

Cricket

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ദ്രാവിഡ് പ്രവചിച്ചിരുന്നു

രാഹുല്‍ ദ്രാവിഡ് നേടിയ 270 റണ്‍സിന്റെ ബലത്തിലാണ് ഇന്ത്യ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയത്...

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ദ്രാവിഡ് പ്രവചിച്ചിരുന്നു

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന 2003-04ലെ ടെസ്റ്റ് പരമ്പര നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മുള്‍ട്ടാനില്‍ ട്രിപ്പിള്‍ സെഞ്ചുറിയടിച്ച വീരേന്ദ്ര സെവാഗ് ബാറ്റുകൊണ്ടും ഇര്‍ഫാന്‍ പത്താനും ബാലാജിയും അനില്‍ കുംബ്ലെയും പന്തുകൊണ്ടും ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തി. പരമ്പരയിലെ ജേതാക്കളെ നിര്‍ണ്ണയിച്ച റാവല്‍പിണ്ടിയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് നേടിയ 270 റണ്‍സിന് അല്‍പം മധുരം കൂടുതലാണ്.

ദ്രാവിഡിന്റെ ഇരട്ടസെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യ 2-1ന് പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പിച്ചത്. തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായ ഈ ബാറ്റിങിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് തന്നെ പ്രവചിച്ചിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് ഷോക്കിടെയായിരുന്നു ദ്രാവിഡ് ഇക്കാര്യം ഓര്‍ത്തെടുത്തത്.

റാവല്‍പിണ്ടി ടെസ്റ്റില്‍ ആദ്യദിനം തന്നെ പാകിസ്താന്‍ 224 റണ്‍സിന് ഓള്‍ ഔട്ടായി. നിര്‍ണ്ണായകമായ ഓവറുകളില്‍ ബാറ്റിംങിന് ഇന്ത്യ ക്ഷണിക്കപ്പെട്ടു. റാവല്‍പിണ്ടി എക്‌സ്പ്രസ് ഷുഹൈബ് അക്തര്‍ സെവാഗിനെ ആദ്യ പന്തില്‍ മടക്കി ഇന്ത്യയുടെ നെഞ്ചില്‍ തീ കോരിയിട്ടു. മൂന്നാമനായി ഇറങ്ങിയത് ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡ്. 6, 33, 0 എന്നിങ്ങനെയായിരുന്നു മുന്‍ മത്സരങ്ങളിലെ ദ്രാവിഡിന്റെ സ്‌കോര്‍.

എങ്കിലും വിക്കറ്റ് പോവാതെ സൂക്ഷിക്കുകയെന്ന ദൗത്യം വിജയകരമായി ദ്രാവിഡും പാര്‍ഥിവ് പട്ടേലും പൂര്‍ത്തിയാക്കി. 15 റണ്‍സായിരുന്നു ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ദ്രാവിഡിന്റെ സമ്പാദ്യം. എങ്കിലും താന്‍ മികച്ച രീതിയിലാണ് ബാറ്റു ചെയ്യുന്നതെന്ന ആത്മവിശ്വാസം ദ്രാവിഡിനുണ്ടായിരുന്നു. അന്ന് വൈകുന്നേരം ചില മാധ്യമസുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ദ്രാവിഡ് ആ വിഖ്യാത പ്രവചനം നടത്തിയത്.

രണ്ടാം ദിനം ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാക്കാനായാല്‍ തനിക്ക് വലിയ സ്‌കോര്‍ നേടാനാകും എന്നായിരുന്നു അധികമൊന്നും സംസാരിക്കാത്ത ദ്രാവിഡിന്റെ പ്രവചനം. പിന്നീട് നടന്നത് ചരിത്രമാണ്. ദ്രാവിഡ് നേടിയ 270 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 600ലേറെ റണ്‍ അടിച്ചുകൂട്ടി. പാകിസ്താനെ 245ന് ഓള്‍ ഔട്ടാക്കി ഇന്ത്യ ഇന്നിംങ്‌സിനും 131 റണ്‍സിനും കൂറ്റന്‍ ജയവും പരമ്പരയും സ്വന്തമാക്കുകയും ചെയ്തു.