LiveTV

Live

Cricket

ഇര്‍ഫാന്‍ ഖാന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് തടസമായത് 600 രൂപ

സി.കെ നായിഡു ടൂര്‍ണ്ണമെന്റിലേക്ക് ഓള്‍ റൗണ്ടറായ ഇര്‍ഫാന്‍ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് 600 രൂപ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇര്‍ഫാന്‍ഖാന്‍ ക്രിക്കറ്റിന്റെ വഴിയേ പോയേനേ...

ഇര്‍ഫാന്‍ ഖാന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് തടസമായത് 600 രൂപ

തികച്ചും അപ്രതീക്ഷിതമായാണ് ദേശീയ അവാര്‍ഡ് നേടിയ നടന്‍ ഇര്‍ഫാന്‍ ഖാന്‍(53) കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞത്. ബോളിവുഡ്- ഹോളിവുഡ് സിനിമകളില്‍ ഒരുപിടി ഗംഭീര അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കണ്ണിലൊളിപ്പിച്ച ഇര്‍ഫാന്‍ഖാന്റെ അഭിനയമികവിനെക്കുറിച്ച് അധികമാര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ക്രിക്കറ്റ് താരമാകാന്‍ സ്വപ്‌നം കണ്ട് നടന്ന ഒരുകാലം അദ്ദേഹത്തിനുണ്ടായിരുന്നു.

ടെലഗ്രാഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ ക്രിക്കറ്റ് താരമാകാന്‍ സ്വപ്‌നം കണ്ട് നടന്നിരുന്ന കാലത്തെക്കുറിച്ച് ഇര്‍ഫാന്‍ഖാന്‍ മുമ്പ് മനസു തുറന്നത്. വെറുതേ സ്വപ്‌നം കാണുക മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള പടിവാതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.കെ നായിഡു ടൂര്‍ണ്ണമെന്റിലേക്ക് അദ്ദേഹത്തിന് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. അതേക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെ

ഇര്‍ഫാന്‍ ഖാന്‍
ഇര്‍ഫാന്‍ ഖാന്‍

'ക്രിക്കറ്റ് കളിച്ചിരുന്നു, ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊതിച്ചിരുന്നു. ജയ്പൂരില്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു ഞാന്‍. ഓള്‍ റൗണ്ടറായിരുന്ന എനിക്ക് സി.കെ നായിഡു ടൂര്‍ണ്ണമെന്റിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തു. അന്ന് 600 രൂപ കൂടി വേണ്ടിയിരുന്നു. ആരോടാണ് പണം ചോദിക്കേണ്ടതെന്നു പോലും ധാരണയുണ്ടായിരുന്നില്ല. അതോടെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു' ഇര്‍ഫാന്‍ പറഞ്ഞു.

പിന്നീട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ഇര്‍ഫാന്‍ഖാന്‍ ഇഷ്ടത്തെ അഭിനയത്തിലേക്ക് വഴി തിരിച്ചുവിട്ടു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം ലഭിച്ച കാലത്തും പണം പ്രശ്‌നമായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്ന് 300 രൂപ അകലെയായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമ സ്വപ്നം. സഹോദരിയാണ് സഹായിച്ചതെന്നും ഇര്‍ഫാന്‍ മനസു തുറന്നു. ക്രിക്കറ്റിനേക്കാള്‍ എന്തുകൊണ്ടും അഭിനയത്തിലെത്തിയത് നന്നായെന്ന് കാരണങ്ങള്‍ നിരത്തി ഇര്‍ഫാന്‍ ഖാന്‍ പറയുകയും ചെയ്തു.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
Also Read

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

'ക്രിക്കറ്റ് ഉപേക്ഷിക്കുകയെന്നത് ബോധപൂര്‍വ്വമുള്ള തീരുമാനമായിരുന്നു. രാജ്യത്ത് നിന്നാകെ ദേശീയ ടീമിലെത്തുക 11 പേരാണ്. അഭിനയത്തില്‍ ഒരു പരിധിയുമില്ല. പ്രായവും ഒരു പരിധിയല്ല. എത്ര അധ്വാനിക്കുന്നുവെന്നത് മാത്രമാണ് കാര്യം... നിങ്ങള്‍ മാത്രമാണ് നിങ്ങളുടെ ആയുധം' നടനായതിലെ ഗുണങ്ങള്‍ ഇര്‍ഫാന്‍ ഖാന്‍ വിവരിച്ചത് ഇങ്ങനെ. 600 രൂപയുടെ പേരില്‍ ക്രിക്കറ്റ് മോഹം ഉപേക്ഷിക്കേണ്ടി വന്ന ഇര്‍ഫാന്‍ ഖാന്‍ അഭിനയത്തിലൂടെ പിന്നീട് കോടികള്‍ നേടുകയും ലോകത്തിന്റെ ആദരം സ്വന്തമാക്കുകയും ചെയ്തുവെന്നത് ചരിത്രം.