നാവിന് 'വേഗത കൂടി'; ഷുഹൈബ് അക്തറിനെതിരെ മാനനഷ്ടകേസ്
അക്തറിനെതിരെ മാനനഷ്ടത്തിനും ക്രിമിനല്‍ കുറ്റത്തിനും നടപടികള്‍ ആരംഭിച്ചതായി തഫാസുല് റിസ്വി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്

തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ പാകിസ്താന് ബൗളര്‍ ഷുഹൈബ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് തഫാസുല് റിസ്വി. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് പാക് താരം ഉമര്‍ അക്മലിനെ പി.സി.ബി മൂന്നു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഈ വിഷയത്തില്‍ ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കവെ റിസ്വിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് അക്തറിന് വിനയായത്.
അക്തറിനെതിരെ മാനനഷ്ടത്തിനും ക്രിമിനല്‍ കുറ്റത്തിനും നടപടികള്‍ ആരംഭിച്ചതായി തഫാസുല് റിസ്വി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും റിസ്വി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ഉമര്‍ അക്മല്‍ വിഷയത്തില്‍ പ്രതികരണവുമായി അക്തര്‍ ചെയ്ത ഒരു വീഡിയോയിലെ പരാമര്‍ശം പാകിസ്താന് ബാര്‍ കൗണ്‍സിലിന്റെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. രാജ്യത്തെ നിയമ സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അക്തര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ പ്രസ്താവനയിറക്കുകയും ചെയ്തു.