LiveTV

Live

Cricket

വാതുവെപ്പ്; പാക് താരത്തിന് മൂന്ന് വര്‍ഷം വിലക്ക്, ഇത്തരം പാഴ് പ്രതിഭകളെ ജയിലിലിടണമെന്ന് റമീസ് രാജ

2009ല്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ചാണ് ഉമര്‍ അക്മല്‍ ക്രിക്കറ്റില്‍ വരവറിയിച്ചത്. പിന്നീട് ക്രിക്കറ്റിനേക്കാള്‍ അച്ചടക്കമില്ലാത്ത ജീവിതം വഴിയായിരുന്നു അക്മല്‍ ശ്രദ്ധിക്കപ്പെട്ടത്...

വാതുവെപ്പ്; പാക് താരത്തിന് മൂന്ന് വര്‍ഷം വിലക്ക്, ഇത്തരം പാഴ് പ്രതിഭകളെ ജയിലിലിടണമെന്ന് റമീസ് രാജ

പലവിധ വിവാദങ്ങളാല്‍ കുപ്രസിദ്ധമായിരുന്നു തുടക്കം മുതല്‍ പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ ക്രിക്കറ്റ് ജീവിതം. ഇപ്പോഴിതാ പാക് ക്രിക്കറ്റ് ബോര്‍ഡ് സ്‌പോട്ട് ഫിക്‌സിങിന്റെ പേരില്‍ ഉമര്‍ അക്മലിനെ ക്രിക്കറ്റില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്.

സ്‌പോട്ട് ഫിക്‌സിങുമായി ബന്ധമുള്ളവര്‍ സമീപിച്ചാല്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിവരം അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിന്റെ പേരില്‍ ഉമര്‍ അക്മലിനെ നേരത്തെ തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതടക്കമുള്ള പരാതികള്‍ അന്വേഷണം നടത്തിയ അച്ചടക്ക സമിതിയാണ് ഉമര്‍ അക്മലിന് സ്‌പോട്ട് ഫിക്‌സിങുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്. ഉമര്‍ അക്മല്‍ സസ്‌പെന്‍ഷനിലായ ഫെബ്രുവരി 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നടപടി.

മുന്‍ പാക് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ രൂക്ഷമായ ഭാഷയിലാണ് ക്രിക്കറ്റിലെ സ്‌പോട്ട് ഫിക്‌സിങിനെക്കുറിച്ചും ഉമര്‍ അക്മലിനെതിരായ നടപടിയെക്കുറിച്ചും പ്രതികരിച്ചത്.

'അങ്ങനെ വിഡ്ഢികളുടെ പട്ടികയില്‍ ഉമര്‍ അക്മലും ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു. മൂന്ന് വര്‍ഷത്തേക്ക് വിലക്ക്. എന്തൊരു പാഴ് പ്രതിഭയാണ്. ക്രിക്കറ്റിലെ ഒത്തുകളിക്കെതിരെ നിയമം കൊണ്ടുവരണം. ഇത്തരക്കാരെ ജയിലില്‍ ഇട്ടില്ലെങ്കില്‍ ഇതിന് ഇനിയും പലരും ധൈര്യപ്പെടും' എന്നായിരുന്നു റമീസിന്റെ ട്വീറ്റ്.

2009ല്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ചാണ് ഉമര്‍ അക്മല്‍ ക്രിക്കറ്റില്‍ വരവറിയിച്ചത്. എന്നാല്‍ പിന്നീട് അച്ചടക്കമില്ലാത്ത ജീവിതം വഴി വരുത്തിവെച്ച കുഴപ്പങ്ങളുടെ പേരിലായിരുന്നു അക്മല്‍ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ 29 കാരനായ ഉമര്‍ അക്മലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ശേഷിയുള്ള വാതുവെപ്പ് വിവാദത്തിലും കുടുങ്ങിയിരിക്കുന്നു.