LiveTV

Live

Cricket

'ക്രിക്കറ്റ് ദൈവ'ത്തെ ആരെങ്കിലും മറികടക്കുമോ? ഭീഷണി ഇന്ത്യയില്‍ നിന്നു തന്നെയെന്ന് ബ്രറ്റ് ലീ

സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ വേണ്ട മൂന്ന് ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ഇന്ത്യക്കാരനെ ലീ ചൂണ്ടിക്കാണിക്കുന്നുമുണ്ട്...

'ക്രിക്കറ്റ് ദൈവ'ത്തെ ആരെങ്കിലും മറികടക്കുമോ? ഭീഷണി ഇന്ത്യയില്‍ നിന്നു തന്നെയെന്ന് ബ്രറ്റ് ലീ

ആരെയും അമ്പരപ്പിക്കുന്നതാണ് ക്രിക്കറ്റില്‍ സച്ചിന്‍ അടിച്ചുകൂട്ടിയിട്ടുള്ള റണ്‍സിന്റെ റെക്കോഡുകള്‍. ഇന്ത്യക്കാരുടെ 'ക്രിക്കറ്റ് ദൈവ'ത്തിന്റെ റെക്കോഡുകള്‍ അധികം വൈകാതെ തകരുമെന്ന് തന്നെയാണ് മുന്‍ ഓസീസ് പേസര്‍ ബ്രറ്റ് ലീ കരുതുന്നത്. സച്ചിന്റെ റെക്കോഡ് തകര്‍ക്കന്‍ ഏറ്റവും സാധ്യത ഇന്ത്യക്കാരനാണെന്ന് കൂടി ലീ പറഞ്ഞുവെക്കുന്നു.

ഏഴോ എട്ടോ വര്‍ഷം കൂടി കളിക്കാനായാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായിരിക്കും സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കുകയെന്നാണ് ബ്രറ്റ് ലീ പറയുന്നത്. വെറുതേയങ്ങ് പറഞ്ഞു പോവുകയല്ല, അതിന്റെ വ്യക്തമായ മൂന്ന് കാരണങ്ങള്‍ കൂടി ബ്രറ്റ് ലീ നിരത്തുന്നുണ്ട്.

‘ദയയില്ലാത്തയാള്‍ സച്ചിന്‍, സെവാഗ് അപകടകാരി, മതില്‍ പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍
Also Read

‘ദയയില്ലാത്തയാള്‍ സച്ചിന്‍, സെവാഗ് അപകടകാരി, മതില്‍ പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍

1989ല്‍ പതിനാറാം വയസിലാണ് സച്ചിന്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയത്. കറാച്ചിയില്‍ പാകിസ്താനെതിരെയായിരുന്നു ബാറ്റിംങ് ഇതിഹാസതാരത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഇരുന്നൂറ് ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും സച്ചിന്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തി. സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചാണ് അദ്ദേഹം കളി അവസാനിപ്പിച്ചത്. ഏകദിനത്തില്‍ 49 സെഞ്ചുറി അടക്കം 18426 റണ്‍സും ടെസ്റ്റില്‍ 51 സെഞ്ചുറി അടക്കം 15291 റണ്‍സുമാണ് സച്ചിന്റെ പേരിലുള്ളത്.

കോഹ്‌ലിയുടെ പേരില്‍ ഇതുവരെ 70 സെഞ്ചുറികളുണ്ട്. ഏകദിനത്തില്‍ 43ഉം ടെസ്റ്റില്‍ 27ഉം. സച്ചിനെ മറിക്കടക്കാന്‍ സാധ്യതയുള്ളവരില്‍ കോഹ്‌ലിയെ മുന്നിലെത്തിക്കുന്നതില്‍ ഒന്നാമത്തെ കാരണം ശാരീരിക ക്ഷമതയാണെന്നാണ് ലീ പറയുന്നത്. കോഹ്‌ലിയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. രണ്ടാം കാരണം മാനസികക്ഷമതയാണ്. നിരവധി പ്രതിസന്ധികള്‍ മറികടന്നിട്ടുള്ള കോഹ്‌ലിക്ക് മാനസിക ക്ഷമതയും ആവശ്യത്തിനുണ്ടെന്ന് ലീ വിലയിരുത്തുന്നു. സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ വേണ്ട ബാറ്റിംങ് കഴിവ് തീര്‍ച്ചയായും കോഹ്‌ലിക്കുണ്ടെന്നും ലീ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ സച്ചിനെ ആരെങ്കിലും എളുപ്പത്തില്‍ മറികടക്കുമെന്ന് പറയാനാവില്ലെന്നും ലീ സൂചിപ്പിക്കുന്നുണ്ട്. 'സച്ചിന്റെ റെക്കോഡുകള്‍ ആരെങ്കിലും മറികടക്കുമെന്ന് വെറുതേയങ്ങ് പറയാനാവില്ല. കാരണം ക്രിക്കറ്റിലെ ദൈവമാണത്. ആര്‍ക്കെങ്കിലും ക്രിക്കറ്റ് ദൈവത്തെ മറികടക്കാനാവുമോ?

എന്നാല്‍ കഴിവും മാനസിക ശാരീരികക്ഷമതയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിലനിര്‍ത്താനായാല്‍ കോഹ്‌ലിക്കതിന് സാധിക്കും. സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ വേണ്ട മൂന്ന് കഴിവുകളും അദ്ദേഹത്തിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' ബ്രറ്റ് ലീ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കളിക്കളത്തിലെ വൈരികളായിരുന്നെങ്കിലും കളിക്കളത്തിന് പുറത്തെ സൗഹൃദം പുതുക്കിക്കൊണ്ട് ബ്രറ്റ് ലീ സച്ചിന് പിറന്നാല്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.