LiveTV

Live

Cricket

‘ഇന്ത്യക്ക് ആ പണം വേണ്ട’ അക്തറിന് കപിലിന്റെ മറുപടി

കളിക്കാരുടെ ജീവന്‍ പണയം വെച്ചുകൊണ്ട് നേടുന്ന പണം ഇന്ത്യക്ക് വേണ്ടെന്നാണ് കപില്‍ ദേവ് തുറന്നടിച്ചത്...

‘ഇന്ത്യക്ക് ആ പണം വേണ്ട’ അക്തറിന് കപിലിന്റെ മറുപടി

കോവിഡിനെതിരായ പോരാട്ടത്തില്‍ പണം കണ്ടെത്താന്‍ ഇന്ത്യയും പാകിസ്താനും ഏകദിന പരമ്പര കളിക്കണമെന്ന ഷുഹൈബ് അക്തറുടെ അഭിപ്രായത്തിന് മറുപടിയുമായി കപില്‍ ദേവ്. കളിക്കാരുടെ ജീവന്‍ പണയം വെച്ചുകൊണ്ട് നേടുന്ന പണം ഇന്ത്യക്ക് വേണ്ടെന്നാണ് കപില്‍ ദേവ് തുറന്നടിച്ചത്. കോവിഡിനെതിരെ പോരാടാന്‍ ഇന്ത്യക്ക് ആവശ്യത്തിന് പണമുണ്ടെന്നും കപില്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കവേ ബുധനാഴ്ച്ചയാണ് അക്തര്‍ കോവിഡിനെ ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനുള്ള അവസരമായി കണ്ട് വാദിച്ചത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നടത്താമെന്നും ലഭിക്കുന്ന പണം കോവിഡിനെതിരെ പോരാടാന്‍ എടുക്കാമെന്നുമായിരുന്നു അക്തര്‍ പറഞ്ഞത്.

കോവിഡ് ധനശേഖരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; നിര്‍ദേശവുമായി ഷുഹൈബ് അക്തര്‍ 
Also Read

കോവിഡ് ധനശേഖരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; നിര്‍ദേശവുമായി ഷുഹൈബ് അക്തര്‍ 

അത് അക്തറിന്റെ അഭിപ്രായമാണെന്നും നമുക്ക് കോവിഡിനെതിരെ പോരാടാന്‍ ആവശ്യത്തിന് പണമുണ്ടെന്നും കൂടുതല്‍ പണം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമാണ് കപില്‍ പ്രതികരിച്ചത്. അനാവശ്യ വിമര്‍ശങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മോശമല്ലാത്ത തുക(51 കോടി രൂപ) കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നല്‍കുമെന്നും കപില്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരം കളിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ കുറഞ്ഞത് ആറ് മാസങ്ങളെടുക്കുമെന്ന് പറഞ്ഞ കപില്‍ തങ്ങളുടെ ക്രിക്കറ്റ് താരങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിക്കൊണ്ട് മത്സരം സംഘടിപ്പിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.