LiveTV

Live

Cricket

കോവിഡ് കാലത്ത് ഇന്ത്യ പാക് ആരാധകരുടെ ‘നോ ബോള്‍ യുദ്ധം’

ലോക്ഡൗണ്‍ കാലത്ത് ബുംറയെ വെച്ച് ട്രോളിയ പാക് ട്രോളിന് പാകിസ്താന്‍ മറക്കാനാഗ്രഹിക്കുന്ന വാതുവെപ്പ് വിവാദം ഓര്‍മിപ്പിച്ചാണ് മറുപടി വന്നത്...

കോവിഡ് കാലത്ത് ഇന്ത്യ പാക് ആരാധകരുടെ ‘നോ ബോള്‍ യുദ്ധം’

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ പകുതിയിലേറെ ജനങ്ങളും ലോക്ഡൗണിലാണ്. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പുകളും ശിക്ഷകളും ഇന്ത്യയടക്കം പലരാജ്യങ്ങളിലും മുറക്കു നടക്കുന്നുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ഒരു ക്ലബ് ഇന്ത്യന്‍ താരം ബുംറയെ വെച്ച് നടത്തിയ ഇത്തരമൊരു ലോക്ഡൗണ്‍ വിരുദ്ധ മുന്നറിയിപ്പ് ഇരുരാജ്യങ്ങളിലേയും ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അനാവശ്യമായി പുറത്തിറങ്ങരുതെന്നും ശാരീരിക അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പി.എസ്.എല്‍ ക്ലബ് വ്യാഴാഴ്ച്ചയാണ് ട്വീറ്റ് ഇട്ടത്. ഇതിനുപയോഗിച്ചതാകട്ടെ ബുംറ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എറിഞ്ഞ നോ ബോളിന്റെ ചിത്രവും.

ബുംറയുടെ ചിത്രം ഇന്ത്യന്‍ ആരാധകരെ നോവിച്ചുണര്‍ത്തിയതോടെ ഇതിന് പലവിധത്തിലുള്ള ട്രോള്‍ മറുപടികള്‍ വൈകാതെയെത്തി. ഇതുവരെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ 'വരകടക്കാത്ത' പാക് പ്രകടനത്തെയാണ് ഓര്‍മ്മിപ്പിച്ചത്. ഏകദിന ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ ഇതുവരെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല.

മുഹമ്മദ് ആമിറിന്റെ കുപ്രസിദ്ധമായ നോബോള്‍ വിവാദമാണ് മറ്റു ചിലര്‍ കുത്തിപ്പൊക്കിയത്. തുടര്‍ച്ചയായി ബോധപൂര്‍വ്വം നോബോളുകള്‍ എറിഞ്ഞ കുറ്റത്തിന് അഞ്ച് വര്‍ഷത്തേക്ക് പാക് പേസറായ മുഹമ്മദ് ആമിറിനെ വിലക്കിയിരുന്നു. 'വീടുകളില്‍ സുരക്ഷിതമായിരിക്കൂ, അല്ലെങ്കില്‍ അഞ്ച് വര്‍ഷം ജയില്‍' എന്നായിരുന്നു ഈ ട്വീറ്റ്.

2010 ലോഡ്‌സില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ആമിറും മുഹമ്മദ് ആസിഫും തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ എറിഞ്ഞതായി ഐ.സി.സി കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് മാധ്യമമാണ് പാക് താരങ്ങള്‍ സ്‌പോട് ഫിക്‌സിങിന്റെ ഭാഗമായാണ് നോബോളുകളെറിഞ്ഞതെന്ന് പുറത്തുകൊണ്ടുവന്നത്. മുഹമ്മദ് ആമിറിനും മുഹമ്മദ് ആസിഫിനും പുറമേ സല്‍മാന്‍ ഭട്ടിനേയും ഐ.സി.സി ഈ സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
Also Read

പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും

2017ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെയായിരുന്നു ബുംറയുടെ കുപ്രസിദ്ധമായ നോ ബോള്‍. ഈ പന്തില്‍ പാക് ഓപണര്‍ ഫഖര്‍ സമന്‍ പുറത്തായെങ്കിലും നോബോളായതിനാല്‍ ലൈഫ് ലഭിക്കുകയായിരുന്നു. പിന്നീട് ഫഖര്‍ സമന്‍ സെഞ്ചുറിയടിച്ച് പാക് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. അന്ന് 50 ഓവറില്‍ 4ന് 338 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഇന്ത്യ 158ന് ഓള്‍ഔട്ടായതോടെ 180 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്.