LiveTV

Live

Cricket

ധോണിയുടെ ആ സിക്സര്‍ കാണിച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞ് മുംബൈ പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആ സിക്സര്‍ അടിക്കുന്ന ചിത്രം അന്നത്തെയും ഇന്നത്തെയും തിയതി വച്ച് രണ്ട് ക്യാപ്ഷനോടെ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി കൊളാഷ് രൂപത്തിലാണ് മുംബൈ പൊലീസ് പങ്കുവെച്ചത്

ധോണിയുടെ ആ സിക്സര്‍ കാണിച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞ് മുംബൈ പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യമൊട്ടാകെ കോവിഡ് ഭീതിയില്‍ ലോക്ക് ഡൌണിലാണ്. എന്നിരുന്നാലും അവശ്യ കാരണങ്ങളില്ലാതിരുന്നിട്ടും പലരും വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെ പൊലീസും സര്‍ക്കാരും അതിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. കേരള പൊലീസ് സൈബര്‍ വിഭാഗത്തെപ്പോലെത്തന്നെ ക്രിയേറ്റീവായ പോസ്റ്റുകളാണ് മുംബൈ പൊലീസും പങ്കുവെക്കുക. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

2011 ഏപ്രില്‍ 2 ഇന്ത്യ രണ്ടാമത് ലോകകപ്പ് ഉയര്‍ത്തയ ദിവസമാണ്. ഇന്നലെ അതിന്‍റെ ഒമ്പതാം വാര്‍ഷികമായിരുന്നു. ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മഹേന്ദ്രസിങ് ധോണിയുടെ സിക്സര്‍ ആര്‍ക്കും മറക്കാനാകില്ല. ആ സിക്സര്‍ അടിക്കുന്ന ചിത്രം അന്നത്തെയും ഇന്നത്തെയും തിയതി വച്ച് രണ്ട് ക്യാപ്ഷനോടെ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി കൊളാഷ് രൂപത്തിലാണ് മുംബൈ പൊലീസ് പങ്കുവെച്ചത്.

ആദ്യത്തെ ചിത്രം ഏപ്രില്‍ 2, 2011 എന്ന് തിയതിയിട്ട്, ഇന്ത്യ ലക്ഷ്യം കാണുന്നത് വരെ നാം വീട്ടിലിരുന്നു. എന്ന് എഴുതിയിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ധോണി സിക്സര്‍ പറത്തുമ്പോള്‍ പന്തിന് പകരം കൊറോണ വൈറസിന്‍റെ ചിത്രം വച്ചിരിക്കുന്നു. ഏപ്രില്‍ 2, 2020 എന്ന തിയതിയിട്ട്, ഈ ലക്ഷ്യം നേടാനായി നാം ഏവരും വീട്ടിലിരിക്കണം എന്നും എഴുതിയിരിക്കുന്നു. ധോണി സിക്സ് പറത്തിയപ്പോള്‍ രവി ശാസ്ത്രി കമന്‍ററി ബോക്സില്‍ നിന്ന് പറഞ്ഞ പ്രശസ്തമായ വരികളില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇന്ത്യ, ലെറ്റ്സ് ഫിനിഷ് ഇറ്റ് ഓഫ് ഇന്‍ സ്റ്റൈല്‍. 2011ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ കളി കണ്ടവര്‍ക്കാര്‍ക്കും ഈ നിമിഷങ്ങള്‍ മറക്കാനാകില്ല.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് നാശം വിതച്ച നഗരങ്ങളിലൊന്നാണ് മുംബൈ. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലും. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2000വും മരണസംഖ്യ അമ്പതും കടന്നതോടെ രാജ്യം കടുത്ത നിയന്ത്രണത്തിലാണ്.