LiveTV

Live

Cricket

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് പ്രതിഫലവുമില്ല

മൂന്ന് ഘട്ടങ്ങളിലായാണ് സാധാരണ ഐ.പി.എല്‍ താരങ്ങള്‍ക്ക് പ്രതിഫലം കൈമാറുക. ഇത്തവണ ആദ്യഘട്ടത്തിലെ പ്രതിഫലം പോലും കളിക്കാര്‍ക്ക് ഒരു ടീമും നല്‍കിയിരുന്നില്ല...

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് പ്രതിഫലവുമില്ല

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ ഏപ്രില്‍ 15ലേക്ക് നീട്ടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ തിയതിയില്‍ ഐ.പി.എല്‍ നടക്കുക അസാധ്യം. ഈ വര്‍ഷം മറ്റേതെങ്കിലും അവസരത്തില്‍ ഐ.പി.എല്‍ നടക്കുമോ അതോ ടൂര്‍ണ്ണമെന്റ് തന്നെ റദ്ദാക്കുമോ എന്ന കാര്യത്തില്‍ മാത്രമേ ഇനി തീരുമാനം വരാനുള്ളൂ. ഈവര്‍ഷത്തെ ഐ.പി.എല്‍ സീസണ്‍ തന്നെ റദ്ദാക്കിയാല്‍ കളിക്കാര്‍ക്ക് ഒരു രൂപപോലും പ്രതിഫലം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങള്‍ക്ക് മൂന്ന് ഘട്ടമായാണ് പ്രതിഫലം നല്‍കുക. കളി തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പാണ് ആദ്യഘട്ടമായി മൊത്തം പ്രതിഫലത്തിന്റെ 15 ശതമാനം നല്‍കുക. ടൂര്‍ണ്ണമെന്റിനിടെ 65 ശതമാനം കൈമാറും ബാക്കിയുള്ള 20 ശതമാനം ടൂര്‍ണ്ണമെന്റ് അവസാനിച്ച് നിശ്ചിത സമയത്തിനുള്ളിലാകും നല്‍കുക.

ബാഴ്‌സലോണ കളിക്കാര്‍ 70% പ്രതിഫലം കുറച്ചത് ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് മെസി
Also Read

ബാഴ്‌സലോണ കളിക്കാര്‍ 70% പ്രതിഫലം കുറച്ചത് ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് മെസി

ഇത്തവണത്തെ ഐ.പി.എല്ലില്‍ ലക്ഷങ്ങളും കോടികളും മുടക്കി ടീമുകള്‍ വിളിച്ചെടുത്ത കളിക്കാര്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. കളി നടന്നില്ലെങ്കില്‍ ടീമുകള്‍ക്ക് സ്വാഭാവികമായും വരുമാനമുണ്ടാകില്ല. നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ റദ്ദാക്കുകയാണെങ്കില്‍ ആര്‍ക്കും പ്രതിഫലം ലഭിക്കാനും സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര വ്യക്തമാക്കുന്നത്.

ക്ലബുകളുടെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ മഹാമാരി മൂലം വരുന്ന കളിക്കാരുടെ പ്രതിഫലനഷ്ടം ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് അത്തരമൊരു സാധ്യതയുമില്ല. ഓരോ ടീമും സീസണില്‍ 75 മുതല്‍ 85 കോടി രൂപ വരെയാണ് പ്രതിഫല ഇനത്തില്‍ മുടക്കുന്നത്. കളിയും വരുമാനവുമില്ലെങ്കില്‍ ഇത്രവലിയ തുക എങ്ങനെ മുടക്കാനാകുമെന്നാണ് ടീമുകളുടെ ചോദ്യം.

ടീമുകളേക്കാള്‍ വലിയ നഷ്ടം സഹിക്കേണ്ടി വരിക ബി.സി.സി.ഐക്കായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനത്തില്‍ മൂവായിരം കോടിയുടെ കുറവാണ് ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഉണ്ടാവുക. കോവിഡ് ഇപ്പോഴും നിയന്ത്രണവിധേയമാവാത്തതിനാല്‍ ഐ.പി.എല്ലിന്റെ പത്താം പതിപ്പ് റദ്ദാക്കലിന്റെ വക്കിലാണ്. അങ്ങനെ റദ്ദാക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ താരലേലം ഒഴിവാക്കുമെന്നും ഇതേ കളിക്കാരുമായി ടീമുകള്‍ ഇറങ്ങേണ്ടി വരുമെന്നും സൂചനകളുണ്ട്.