LiveTV

Live

Cricket

കൊറോണക്കെതിരായ സംഭാവന തുക പുറത്തുവിടാതെ വിരുഷ്‌ക

ജനങ്ങളുടെ ദുരിതം കുറക്കാന്‍ തങ്ങള്‍ നല്‍കുന്ന സംഭാവന സഹായിക്കുമെന്ന് കരുതുന്നതായി വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും...

കൊറോണക്കെതിരായ സംഭാവന തുക പുറത്തുവിടാതെ വിരുഷ്‌ക

ഇന്ന് രാവിലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌കയും സര്‍ക്കാരുകളുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുകകള്‍ നല്‍കണമെന്ന അപേക്ഷയുമായി എത്തിയത്. കൂട്ടത്തില്‍ ജനങ്ങളുടെ ദുരിതം കുറക്കാന്‍ തങ്ങള്‍ നല്‍കുന്ന സംഭാവന തുക സഹായിക്കുമെന്ന് കരുതുന്നതായും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ എത്ര രൂപയാണ് സംഭാവനയായി നല്‍കുന്നതെന്ന് താരജോഡികള്‍ പുറത്തുവിട്ടിരുന്നില്ല.

കൊറോണ വൈറസിനെ നേരിടുന്നതിനായി ശനിയാഴ്ച്ചയാണ് പ്രധാനമന്ത്രി ദുരിതാശ്വാസനിധി രൂപീകരിച്ചത്. പ്രതിസന്ധി മറികടക്കാന്‍ എല്ലാ പൗരന്മാരും ആവുംവിധം സംഭാവനകള്‍ നല്‍കണമെന്നും അറിയിച്ചിരുന്നു. കായികരംഗത്തു നിന്നും നിരവധി താരങ്ങളാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന 52 ലക്ഷം രൂപയാണ് കൊറോണ ദുരിതാശ്വാസത്തിന് നല്‍കിയത്. 31 ലക്ഷം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും 21 ലക്ഷം സ്വന്തം സംസ്ഥാനമായ യു.പിയുടെ ഫണ്ടിലേക്കുമാണ് റെയ്‌ന കൈമാറിയത്. സച്ചിന്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. മഹാരാഷ്ട്ര കേന്ദ്ര സര്‍ക്കാരുകള്‍ക്ക് 25 ലക്ഷം രൂപ വീതമാണ് സച്ചിന്‍ നല്‍കിയത്.

എത്രതുക നല്‍കിയെന്ന് വെളിപ്പെടുത്താതെ സഹായിച്ച വിരുഷ്‌കയെ സോഷ്യല്‍മീഡിയ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഇരുവരും എത്രരൂപയാണ് നല്‍കിയത് എന്നതിന്റെ റിപ്പോര്‍ട്ടുകളും ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ബോളിവുഡ് ഹംഗാമ മൂന്ന് കോടി രൂപയാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതെന്നാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.