LiveTV

Live

Cricket

കൊറോണക്കെതിരായ പോരാട്ടത്തിന് 51 കോടി നല്‍കി ബി.സി.സി.ഐ

സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് 51 കോടി രൂപ സംഭാവനയായി നല്‍കിയിരിക്കുന്നത്...

കൊറോണക്കെതിരായ പോരാട്ടത്തിന് 51 കോടി നല്‍കി ബി.സി.സി.ഐ

കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് 51 കോടി രൂപ സംഭാവനയായി നല്‍കി ബി.സി.സി.ഐയുടെ പിന്തുണ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളും ചേര്‍ന്നാണ് തുക നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരികാശ്വാസ ഫണ്ടിലേക്കാണ് 51 കോടിരൂപ നല്‍കുക.

ബി.സി.സി.ഐ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ വലിയ പരീക്ഷണഘട്ടത്തില്‍ രാഷ്ട്രത്തിനൊപ്പം ചേര്‍ന്ന് കൊറോണ വൈറസിനെതിരെ പോരാടുകയാണ് വേണ്ടതെന്ന് ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യം ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറുന്നതെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും തുക കൈമാറുന്ന വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ ഗാംഗുലി ബംഗാളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് അറിയിച്ചിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സുരേഷ് റെയ്‌ന 52 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പത്താന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യവകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു.