LiveTV

Live

Cricket

ധോണിയുടെ തിരിച്ചുവരവ്, വസിം ജാഫറും സേവാഗും വിരുദ്ധ ധ്രുവങ്ങളില്‍

കൊറോണയുടെ കൂടി വരവോടെ ഇക്കുറി ഐ.പി.എല്‍ നടക്കുമോ എന്ന കാര്യത്തില്‍പോലും ഉറപ്പില്ല. അപ്പോഴാണ് ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തികച്ചും വിരുദ്ധാഭിപ്രായങ്ങള്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍...

ധോണിയുടെ തിരിച്ചുവരവ്, വസിം ജാഫറും സേവാഗും വിരുദ്ധ ധ്രുവങ്ങളില്‍

ഇക്കുറി ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്ന താരങ്ങളില്‍ പ്രധാനിയാണ് എം.എസ് ധോണി. ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി കളിക്കാത്ത ധോണിയുടെ ടീമിലേക്കുള്ള മടങ്ങിവരവ് തന്നെ ഐ.പി.എല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരുന്നു. ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതകളെക്കുറിച്ച് തികച്ചു വിരുദ്ധ അഭിപ്രായങ്ങളാണ് സേവാഗും വസിം ജാഫറും പങ്കുവെച്ചിരിക്കുന്നത്.

ശാരീരികക്ഷമത ഉറപ്പുവരുത്തുകയും ഫോം തെളിയിക്കുകയും ചെയ്താല്‍ ധോണിക്ക് പകരക്കാരനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നാണ് വസിം ജാഫറിന്റെ ട്വീറ്റ്. ധോണിക്ക് മാത്രമല്ല, അദ്ദേഹത്തിനൊപ്പം ടീമില്‍ സ്ഥാനത്തിനായി മത്സരിക്കുന്ന കെ.എല്‍ രാഹുലിനും പന്തിനും വരെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവും ജാഫര്‍ പ്രകടിപ്പിച്ചു.

അതേസമയം ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നാണ് ധോണിയുടെ മുന്‍ സഹതാരമായ വീരുവിന്റെ ചോദ്യം. പ്രത്യേകിച്ച് പന്തും രാഹുലും ഫോമിലുള്ളപ്പോള്‍ അവരെ ഒഴിവാക്കാന്‍ പ്രത്യേകിച്ച് കാരണമില്ലെന്നായിരുന്നു സേവാഗ് ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞത്.

അതേസമയം ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ പ്രോത്സാഹിപ്പിക്കാനും സേവാഗ് മറന്നില്ല. ഹാര്‍ദികിനെ പോലൊരു ഓള്‍ റൗണ്ടര്‍ ടീമിലെത്തിയാല്‍ ടീമിന്റെ മൊത്തം സന്തുലനം തന്നെ മാറുമെന്നാണ് സേവാഗ് പറഞ്ഞത്.

മാര്‍ച്ച് 29ന് നിശ്ചയിച്ചിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15ലേക്കാണ് നീട്ടിയിരിക്കുന്നത്. നിലവില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അപ്പോള്‍ പോലും ടൂര്‍ണ്ണമെന്റ് നടക്കുമെന്ന് ഒരു ഉറപ്പുമില്ല. ചെന്നൈ സൂപ്പര്‍കിംങ്‌സ് പരിശീലന സെഷന്‍ റദ്ദാക്കിയതോടെ ധോണി തിരിച്ചുപോവുകയും ചെയ്തിരുന്നു. ധോണിയുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് കൊറോണ വൈറസ് ഷട്ടറിടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.