LiveTV

Live

Cricket

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍

ക്രിക്കറ്റിലെ ഏറ്റവും ആഢംബരമുള്ള ടൂര്‍ണ്ണമെന്റുകളിലൊന്നായ ഐ.പി.എല്‍ മാറ്റിവെച്ചിരിക്കുകയാണ്. ഐ.പി.എല്‍ നടക്കുകയാണെങ്കില്‍ പോലും മത്സരങ്ങള്‍ ചുരുക്കേണ്ടി വരും...

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍

രാജ്യത്ത് കോവിഡ് 19 ഭീതി പരത്തിക്കൊണ്ട് പടരുകയാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ വിവിധ കായിക മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും റദ്ദാക്കി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആഢംബരമുള്ള ടൂര്‍ണ്ണമെന്റായ ഐ.പി.എല്ലും ഭീഷണിയിലാണ്. ഐ.പി.എല്‍ മുടങ്ങിയാല്‍ കുറഞ്ഞത് 1200 കോടി രൂപയുടെ നഷ്ടമാകും സ്‌പോണ്‍സര്‍മാര്‍ സഹിക്കേണ്ടി വരിക.

മാര്‍ച്ച് 29 മുതല്‍ മെയ് 24 വരെയാണ് ഐ.പി.എല്‍ നിശ്ചയിച്ചിരുന്നത്. നിലവിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15ലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നതായി ബി.സി.സി.ഐ വെള്ളിയാഴ്ച്ചയാണ് അറിയിച്ചത്. അങ്ങനെ നടന്നാല്‍ പോലും 15 ദിവസത്തിലേറെ ടൂര്‍ണ്ണമെന്റിന് നഷ്ടമാകും. ഇതോടെ മത്സരക്രമത്തിലും മത്സരങ്ങളുടെ എണ്ണത്തിലും വ്യത്യാസവും കുറവുമുണ്ടാകുമെന്ന് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്‍ നടന്നാല്‍ തന്നെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് ഗാംഗുലി
Also Read

ഐ.പി.എല്‍ നടന്നാല്‍ തന്നെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് ഗാംഗുലി

വിവോ, ആമസോണ്‍, ഫോണ്‍പേ, കൊകകോള തുടങ്ങി വന്‍ ബ്രാന്‍ഡുകളാണ് ഐ.പി.എല്ലിനായി പണ മുടക്കിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് സ്‌പോണ്‍സര്‍മാര്‍ വിയര്‍ക്കുന്നത്. 600 കോടിരൂപ മൈതാനങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പിനായും 500 കോടിരൂപ വിവിധ ടീമുകള്‍ക്കുവേണ്ടിയും സ്‌പോണ്‍സര്‍മാര്‍ മുടക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷം ഐ.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സറാകാന്‍ മാത്രം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ മുടക്കിയത് 2199 കോടി രൂപയാണ്. മൈതാനങ്ങളിലെ മറ്റു സ്‌പോണ്‍സര്‍മാരായ ടാറ്റ മോട്ടോഴ്‌സ് എഫ്.ബി.ബി ഡ്രീം 11 എന്നിവരെല്ലാം 40 കോടിരൂപവീതമാണ് ഈ സീസണില്‍ മാത്രം മുടക്കിയിട്ടുള്ളത്. അമ്പയര്‍ സ്‌പോണ്‍സര്‍മാരായ പേടിഎമ്മും സ്ട്രാറ്റജിക് ടൈം ഔട്ട് പാട്ണര്‍ സിയറ്റും യഥാക്രമം 28 കോടിയും 23 കോടിയുമാണ് നല്‍കിയിട്ടുള്ളത്.

മാറിയ സാഹചര്യത്തില്‍ ഐ.പി.എല്‍ നടന്നാല്‍ തന്നെ പരസ്യ നിരക്കുകളില്‍ മാറ്റം വരണമെന്ന് ഇപ്പോള്‍ തന്നെ സ്‌പോണ്‍സര്‍മാര്‍ ടീമുകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കാണികളെ ഒഴിവാക്കി മത്സരങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതിനാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ആരാധകരും കളിക്കാരുമായുള്ള സെഷനും മൈതാനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങളിലെ പങ്കാളിത്തവുമെല്ലാം മാറി മറിയും.