LiveTV

Live

Cricket

സഞ്ജയ് മഞ്ജരേക്കറെ ‘പുറത്താക്കി’ ബി.സി.സി.ഐ: റിപ്പോര്‍ട്ട്

മഞ്ജരേക്കറെ ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെങ്കിലും, അദ്ദേഹത്തിന്റെ ജോലിയില്‍ അധികാരികള്‍ തൃപ്തരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.   

സഞ്ജയ് മഞ്ജരേക്കറെ ‘പുറത്താക്കി’ ബി.സി.സി.ഐ: റിപ്പോര്‍ട്ട്

മുൻ ഇന്ത്യ ബാറ്റ്സ്മാൻ സഞ്ജയ് മഞ്ജരേക്കറെ ബി.സി.സി.ഐയുടെ കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടീം ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്സിലെ സ്ഥിരം സാന്നിധ്യമായിരുന്നു മഞ്ജരേക്കർ. കൊറോണ ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് മാറ്റിവെച്ച ഐ.പി.എല്‍ മത്സരങ്ങളിലും മഞ്ജരേക്കര്‍ കമന്ററി ബോക്സിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ധർമശാല ഏകദിനത്തിലും മഞ്ജരേക്കറുണ്ടായിരുന്നില്ല. ഇതേസമയം, ബി.സി.സി.ഐ പാനലിലെ മറ്റ് കമന്റേറ്റർമാരായ സുനിൽ ഗവാസ്‌കർ, എൽ ശിവരാമകൃഷ്ണൻ, മുരളി കാർത്തിക് എന്നിവർ ധര്‍മശാലയിലുണ്ടായിരുന്നു.

മഞ്ജരേക്കറെ ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെങ്കിലും, അദ്ദേഹത്തിന്റെ ജോലിയില്‍ അധികാരികള്‍ തൃപ്തരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ''ഐ‌.പി.‌എൽ പാനലിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയേക്കാം. അദ്ദേഹത്തിന്റെ ജോലിയിൽ അവർ സന്തുഷ്ടരല്ല എന്നതാണ് വാസ്തവം, ” മിറർ റിപ്പോര്‍ട്ട് ചെയ്തു. 2019 ലെ ഐ.സി.സി ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ ചെറുകിട കളിക്കാരൻ എന്ന് വിളിച്ചതിന് ശേഷം മഞ്ജരേക്കർ വന്‍ വിമര്‍ശനമാണ് നേരിട്ടത്. ജഡേജ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനോ ബോളറോ അല്ലെന്നും ഇത്തരം താരങ്ങളല്ല, ടീമിൽ വേണ്ടതെന്ന മഞ്ജരേക്കറുടെ പരാമര്‍ശമാണ് വിവാദത്തിലായത്. എന്നാൽ മഞ്ജരേക്കർ കളിച്ചതിനേക്കാൾ ഇരട്ടി മത്സരങ്ങൾ താൻ കളിച്ചിട്ടുണ്ടെന്ന മറുപടിയുമായി ജഡേജയും എത്തി. ഇതിനു മുമ്പും സഞ്ജയ് മഞ്ജരേക്കർ തന്റെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പലതവണ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഹര്‍ഷ ബോഗ്ലെയും മഞ്ജരേക്കറും പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഉപയോഗിക്കുന്ന പന്തിനെക്കുറിച്ചു ചൂടേറിയ വാക്കേറ്റത്തിലേര്‍പ്പിട്ടിരുന്നു. ചർച്ചക്കിടെ ഹര്‍ഷ ബോഗ്ലെ ഇന്ത്യയ്ക്കായി ഒരു മത്സരവും കളിച്ചിട്ടില്ലെങ്കിലും അറിയപ്പെടുന്ന കമന്റേറ്ററാണ് എന്ന പരാമർശം വിവാദമായിരുന്നു.