LiveTV

Live

Cricket

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്

ആദ്യമായാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം നേടുന്നത്. കഴിഞ്ഞ തവണ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇക്കുറി ഫൈനലില്‍ ബംഗാളിനെയാണ് മറികടന്നത്...

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്

സൗരാഷ്ട്രക്ക് ആദ്യത്തെ രഞ്ജി ട്രോഫി കിരീടം. സമനിലയിലായ ഫൈനലില്‍ ബംഗാളിനെ ആദ്യ ഇന്നിംങ്‌സ് ലീഡിന്റെ ബലത്തില്‍ മറികടന്നാണ് സൗരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. ആദ്യ ഇന്നിംങ്‌സില്‍ അര്‍പിത് വാസവദയുടെ സെഞ്ചുറിയുടേയും അവി ബാരോട്ട്, വിശ്വരാജ് ജഡേജ, ചേതേശ്വര്‍ പുജാര എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും ബലത്തില്‍ 425 റണ്‍സാണ് സൗരാഷ്ട്ര എടുത്തത്. ബംഗാളിന്റെ മറുപടി 44 റണ്‍സ് അകലെ 381ല്‍ അവസാനിച്ചു. രണ്ടാം ഇന്നിംങ്‌സില്‍ 4ന് 105 എന്ന നിലയില്‍ സൗരാഷ്ട്ര നില്‍ക്കുമ്പോഴാണ് മത്സരം സമനിലയിലായത്.

മത്സരം സമനിലയിലായാല്‍ ആദ്യ ഇന്നിംങ്‌സില്‍ ലീഡ് നേടുന്നവരാണ് വിജയിക്കുക. ഇക്കാര്യം അറിയാവുന്ന സൗരാഷ്ട്ര താരങ്ങള്‍ അവസാന ദിനം ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഉജ്ജ്വല ബൗളിംങാണ് ബംഗാളിനെ അടിതെറ്റിച്ചത്. അഞ്ചാം ദിനം ആറിന് 354 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ബംഗാളിന് 71 റണ്‍ മാത്രം അകലെയായിരുന്നു ഒന്നാം ഇന്നിംങ്‌സ് ലീഡ്. കൈവശം നാല് വിക്കറ്റുകളും ഉണ്ടായിരുന്നു.

സെറ്റ് ബാറ്റ്‌സ്മാനായ അനുസ്ടപ് മജുംദാറിനെ(63) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്കട്ടാണ് സൗരാഷ്ട്രക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ണബ് നന്തി(40*) ഒരു വശത്ത് പിടിച്ചുനിന്നെങ്കിലും ആകാശ് ദീപിനെ റണ്ണെടുക്കും മുമ്പേ റണ്ണൗട്ടാക്കി ഉനദ്കട്ട് വീണ്ടും ബംഗാളിന് തിരിച്ചടി നല്‍കി.

നേരിട്ട രണ്ടാം പന്ത് ആകാശ് ദീപിന് തൊടാനായില്ല. ആകാശ് ദീപ് ക്രീസിന് പുറത്താണെന്ന് മനസിലാക്കി സൗരാഷ്ട്ര കീപ്പര്‍ സ്റ്റംപിന് നേരെ എറിഞ്ഞു. സ്റ്റംപില്‍ കൊളളാതെ ആകാശ് ദീപ് രക്ഷപ്പെട്ടു. എന്നാല്‍ വീണ്ടും ക്രീസിലേക്ക് വേഗത്തിലെത്താന്‍ ശ്രമിക്കാതെ നിന്ന ആകാശ് ദീപിനെ പന്ത് പിടിച്ചെടുത്ത ഉനദ്കട്ട് മറ്റൊരു ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി.

മുകേഷ് കുമാറിനെ(5) ധര്‍മ്മേന്ദ്ര സിംങ് ജഡേജ പുറത്താക്കിയതിന് പിന്നാലെ ഐ.സി പോറെലിനെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്ക്കട്ട് വീണ്ടും കൊടുങ്കാറ്റായി. ഇതോടെ ബംഗാള്‍ 381ന് ഓള്‍ഔട്ടായി. സൗരാഷ്ട്രക്കായി ധര്‍മ്മേന്ദ്രസിംങ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉനദ്കട്ടും പ്രേരക് മങ്കാദും ബംഗാളിന്റെ രണ്ട് ബാറ്റ്‌സ്മാന്മാരെ വീതം പുറത്താക്കി.

നേരത്തെ 9ന് 387 എന്ന നിലയിലായ സൗരാഷ്ട്രയെ അവസാന വിക്കറ്റില്‍ ധര്‍മ്മേന്ദ്രസിംങ് ജഡേജയും(33*) ഉനദ്ക്കട്ടും(20) ചേര്‍ന്നാണ് 425ലെത്തിച്ചത്. ഇരുവരുടേയും പത്താം വിക്കറ്റിലെ 38റണ്‍സ് കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.

ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറുടെ റെക്കോഡും ഉനദ്കട്ട് തകര്‍ത്തു. 65 വിക്കറ്റുകളാണ് സീസണില്‍ ഉനദ്ക്കട്ട് നേടിയത്. കര്‍ണ്ണാടകയുടെ ദോഡ ഗണേഷിന്റെ പേരിലുണ്ടായിരുന്ന 21 വര്‍ഷം പഴക്കമുള്ള 62 വിക്കറ്റുകളുടെ റെക്കോഡാണ് ഉനദ്ക്കട്ട് തിരുത്തിയത്.