LiveTV

Live

Cricket

രഞ്ജി ഫൈനലില്‍ ബംഗാളിനെ തോല്‍പിച്ചത് ഇന്‍സമാമിനെ വെല്ലുന്ന റണ്ണൗട്ട്  

എഡ്ജില്‍ നിന്നും കഷ്ടി രക്ഷപ്പെട്ടെങ്കിലും ക്രീസിന് പുറത്താണ് ആകാശ് ദീപെന്ന് മനസിലാക്കി കീപ്പര്‍ എറിഞ്ഞു. അത് വിക്കറ്റില്‍ കൊണ്ടില്ല. അവിടംകൊണ്ടും തീര്‍ന്നില്ല...

രഞ്ജി ഫൈനലില്‍ ബംഗാളിനെ തോല്‍പിച്ചത് ഇന്‍സമാമിനെ വെല്ലുന്ന റണ്ണൗട്ട്  

ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ക്രീസിന്റെ വരയില്‍ നിന്നാല്‍ പോര വരകടന്നു ക്രീസിനുള്ളില്‍ തന്നെ നിന്നാലേ പുറത്താവാതിരിക്കൂ എന്ന പ്രാഥമിക പാഠം ജീവിതത്തില്‍ ഇനിയൊരിക്കലും ബംഗാള്‍ താരം ആകാശ് ദീപ് മറക്കില്ല. ആകാശ് ദീപ് വെറുതേ കൊടുത്ത വിക്കറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ രഞ്ജി കിരീടം ഇപ്പോള്‍ ബംഗാളിന്റെ ഷെല്‍ഫിലിരുന്നേനെ. ആ ബോധം കൊണ്ടാകാം പുറത്തായശേഷം പവലിയനിലിരിക്കുമ്പോള്‍ പോലും 23കാരനായ ആകാശ് ദീപ് മുഖം മറച്ചത്.

രഞ്ജി കിരീടം നേടാന്‍ എന്തും ചെയ്യുമെന്ന ജയ്‌ദേവ് ഉനദ്ക്കട്ടിന്റെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു കളിക്കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും. അഞ്ചാം ദിനം കളി തുടങ്ങുമ്പോള്‍ ആറിന് 354 എന്ന നിലയിലായിരുന്നു ബംഗാള്‍. 71 റണ്‍ മാത്രം അകലെയായിരുന്നു ഒന്നാം ഇന്നിംങ്‌സ് ലീഡ്. സമനിലക്കാണ് സാധ്യതയെന്നതിനാല്‍ ആദ്യ ഇന്നിംങ്‌സ് ലീഡ് എന്നാല്‍ രഞ്ജി കിരീടം എന്നാണ് അര്‍ഥം. എ. മജുംദാറിനെ(63) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്ക്കട്ടായിരുന്നു ആദ്യ ബ്രേക്ക് നല്‍കിയത്.

റണ്ണൗട്ടാകുന്ന ആകാശ് ദീപ്‌ 
റണ്ണൗട്ടാകുന്ന ആകാശ് ദീപ്‌ 

പകരക്കാരനായിറങ്ങിയത് ആകാശ് ദീപ്. നേരിട്ട രണ്ടാം പന്ത് ആകാശ് ദീപിന് തൊടാനായില്ല. ബാറ്റിന് തൊട്ടടുത്തുകൂടി പോയ പന്തില്‍ എഡ്ജില്‍ നിന്നും ആദ്യ ആകാശ് ദീപ് രക്ഷപ്പെട്ടു. ആകാശ് ദീപ് ക്രീസിന് പുറത്താണെന്ന് മനസിലാക്കി സൗരാഷ്ട്ര കീപ്പര്‍ സ്റ്റംപിന് നേരെ എറിഞ്ഞു. സ്റ്റംപില്‍ കൊളളാതെ രണ്ടാമതും ആകാശ് ദീപ് രക്ഷപ്പെട്ടു. എന്നാല്‍ വീണ്ടും ക്രീസിലേക്ക് വേഗത്തിലെത്താന്‍ ശ്രമിക്കാതെ ‘ഇന്‍സമാം കളിച്ചു’ നിന്ന ആകാശ് ദീപിനെ പന്ത് പിടിച്ചെടുത്ത ഉനദ്കട്ട് മറ്റൊരു ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി.

ആകാശ് ദീപിന്റെ അലസതയുടേയും ഉനദ്കട്ടിന്റെ കളിക്കളത്തിലെ മനഃസ്സാന്നിധ്യത്തിന്റേയും ഉദാഹരണമായിരുന്നു അത്. 8ന് 361 എന്ന നിലയിലായ ബംഗാള്‍ വൈകാതെ 381ന് ഓള്‍ ഔട്ടാവുകയും ചെയ്തു. ബംഗാളിന്റെ കിരീടമോഹം നടക്കാതെ പോയത് ഉനദ്ക്കട്ടിന്റേയും സൗരാഷ്ട്രയുടേയും പോരാട്ട വീര്യം കൊണ്ട് മാത്രമല്ല ബംഗാള്‍ താരങ്ങളുടെ അലസതയുടെ കൂടി ഫലമായിട്ടായിരുന്നു.