LiveTV

Live

Cricket

കോവിഡ് 19: ഐ.പി.എല്‍ ഏപ്രില്‍ 15 വരെ നീട്ടി

ഐ.പി.എല്‍ ടീമുകളിലെ വിദേശ താരങ്ങള്‍ക്ക് കളിക്കാന്‍ വിസ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 15 വരെ ഇന്ത്യയിലെത്താന്‍ സാധിക്കുമായിരുന്നില്ല...

കോവിഡ് 19: ഐ.പി.എല്‍ ഏപ്രില്‍ 15 വരെ നീട്ടി

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഐ.പി.എല്‍ ഏപ്രില്‍ 15 വരെ നീട്ടിവെച്ചു. മാര്‍ച്ച് 29 മുതലായിരുന്നു നേരത്തെ ഐ.പി.എല്‍ നിശ്ചയിച്ചിരുന്നത്. ബി.സി.സി.ഐ നേതൃത്വവും ഐ.പി.എല്‍ മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

ഐ.പി.എല്ലിലെ എട്ട് ഫ്രാഞ്ചൈയ്‌സികളുടെ ഉടമകളേയും ശനിയാഴ്ച്ച നേരിട്ട് മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അവിടെവെച്ചാകും ഐ.പി.എല്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പറയുക. ബി.സി.സി.ഐ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഐ.പി.എല്‍ നീട്ടിവെച്ചവിവരമുള്ളത്. കളിക്കാരുടേയും പൊതുജനത്തിന്റേയും ആരോഗ്യം കൂടി കണക്കിലെടുത്താണ് നടപടിയെന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്.

ഐ.പി.എല്‍ ടീമുകളിലെ വിദേശ താരങ്ങള്‍ക്ക് കളിക്കാന്‍ വിസ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 15 വരെ ഇന്ത്യയിലെത്താന്‍ സാധിക്കുമായിരുന്നില്ല. ഈ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഐ.പി.എല്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുമെന്ന ധാരണയും ഉയര്‍ന്നിരുന്നു. ഒടുവിലാണ് സൗരവ് ഗാംഗുലിയും ജെയ് ഷായും ഐ.പി.എല്‍ നടത്തിപ്പുകാരും കൂടി ചേര്‍ന്ന യോഗത്തിനൊടുവില്‍ ഏപ്രില്‍ 15 വരെ ടൂര്‍ണ്ണമെന്റ് തന്നെ നീട്ടാന്‍ തീരുമാനമായിരിക്കുന്നത്.

കോവിഡ് 19 ബാധയെ തുടര്‍ന്ന് കായികമത്സരങ്ങളുടെ നടത്തിപ്പിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ, കായിക മന്ത്രാലയങ്ങളും സംസ്ഥാനങ്ങളിലെ വകുപ്പുകളും കൈമാറിയിരുന്നു. ചാമ്പ്യന്‍സ് ലീഗ്, എന്‍.ബി.എ, എ.ടി.പി ടൂര്‍, തുടങ്ങി വിവിധ കായികരംഗങ്ങളിലെ മത്സരങ്ങളെ കൊറോണ ഭീതി നേരിട്ട് ബാധിച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് പകര്‍ന്നതോടെ ഈ ആഴ്ച്ചയിലാണ് കോവിഡ് 19 രോഗത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.