LiveTV

Live

Cricket

രഞ്ജി ഫൈനല്‍: സൗരാഷ്ട്ര 425ന് പുറത്ത്, ബംഗാള്‍ 3ന് 134

അവസാന വിക്കറ്റില്‍ ധര്‍മേന്ദ്രസിംങ് ജഡേജയുടേയും(33*) ഉനദ്കട്ടിന്റേയും(20) ചെറുത്തു നില്‍പ്പാണ് സൗരാഷ്ട്രയെ 400 കടത്തിയത്...

രഞ്ജി ഫൈനല്‍: സൗരാഷ്ട്ര 425ന് പുറത്ത്, ബംഗാള്‍ 3ന് 134

രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ പിടിമുറുക്കി സൗരാഷ്ട്ര. ആദ്യ ഇന്നിംങ്‌സില്‍ 425ന് പുറത്തായ ശേഷം ബംഗാളിനെ 134 റണ്‍സിനിടെ മൂന്ന് വിക്കറ്റ് സൗരാഷ്ട്ര വീഴ്ത്തി. അവസാന വിക്കറ്റില്‍ ധര്‍മേന്ദ്രസിംങ് ജഡേജയുടേയും(33*) ഉനദ്കട്ടിന്റേയും(20) ചെറുത്തു നില്‍പ്പാണ് സൗരാഷ്ട്രയെ 400 കടത്തിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ബംഗാളിന്റെ സുദിപ് ചാറ്റര്‍ജിയും(47) വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍.

മൂന്നാംദിനം 8ന് 384 എന്ന നിലയില്‍ ബാറ്റിംങ് ആരംഭിച്ച സൗരാഷ്ട്രയുടെ വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്താനായിരുന്നു സ്വാഭാവികമായും ബംഗാളിന്റെ ശ്രമം. ചിരാക് ജാനി(14) വേഗത്തില്‍ മടങ്ങിയെങ്കിലും ജഡേജ(33*)യും ക്യാപ്റ്റന്‍ ഉനദ്കട്ടും(20) ചെറുത്തു നിന്നു. അവസാനവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായകമായ 38 റണ്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാളിനായി ആകാശ് ദീപ് നാല് വിക്കറ്റും ഷഹ്ബാസ് അഹ്മദ് മൂന്നു വിക്കറ്റും വീഴ്ത്തി. അവസാന വിക്കറ്റില്‍ ഉനദ്കട്ടിനെ പുറത്താക്കി ഷഹ്ബാസ് അഹ്മദാണ് ബംഗാളിന് ആശ്വാസം നല്‍കിയത്.

ബാറ്റിംങിനിറങ്ങിയ ബംഗാളിന്റെ ആദ്യ വിക്കറ്റ് 35 റണ്‍സിലെത്തിയപ്പോള്‍ നഷ്ടമായി. സുദീപ് കുമാര്‍ ഗരാമിയെ(26) ധര്‍മേന്ദ്രസിംങ് ജഡേജ വി.എം ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് അഭിമന്യു ഈശ്വറിനെയും മടക്കി സൗരാഷ്ട്ര ബംഗാളിന് വീണ്ടും ആഘാതമുണ്ടാക്കി. മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് രണ്ടാം സെഷന്‍ പൂര്‍ണ്ണമായും ബാറ്റു ചെയ്ത് 89 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

മനോജ് തിവാരി(35) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുദീപ് ചാറ്റര്‍ജിയും(47*) വൃദ്ധിമാന്‍ സാഹയും(4*) ചേര്‍ന്നാണ് ബംഗാളിന്റെ പ്രതീക്ഷകള്‍ കാക്കാനായി നാലാം ദിനം ഇറങ്ങുക.