LiveTV

Live

Cricket

പത്താന്‍ തിളങ്ങി, ശ്രീലങ്ക ലെജന്റ്‌സിനെ ഇന്ത്യ വീണ്ടും തോല്‍പിച്ചു

34 പന്തില്‍ 58 റണ്‍സ് അടിച്ച ഇര്‍ഫാന്‍ പത്താന്‍ ഒരു വിക്കറ്റും വീഴ്ത്തി...

പത്താന്‍ തിളങ്ങി, ശ്രീലങ്ക ലെജന്റ്‌സിനെ ഇന്ത്യ വീണ്ടും തോല്‍പിച്ചു

റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ക്രിക്കറ്റില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം ടി20 അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. രണ്ടാമത് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സച്ചിന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ സെവാഗും(3) യുവരാജ് സിംങും(1) നിരാശപ്പെടുത്തി. ഇതോടെ 3ന് 19 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം
Also Read

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം

പിന്നീട് സഞ്ജയ് ബംഗാറിനൊപ്പം ചേര്‍ന്ന് കെയ്ഫ് രക്ഷാപ്രവര്‍ത്തനം നടത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സെടുത്തു. പതിനൊന്നാം ഓവറില്‍ ഹെറാത്ത് ബംഗാറിനെ(18) പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി.

34 പന്തില്‍ 58 റണ്‍സ് അകലെയായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ കെഫ്(46) കൂടി മടങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ പത്താന്റെ ബാറ്റിംങ് ഇന്ത്യക്ക് അനുകൂലമായി കളി തിരിച്ചു. 31 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 57 റണ്‍സാണ് ഇര്‍ഫാന്‍ പത്താന്‍ അടിച്ചുകൂട്ടിയത്. എട്ട് പന്തില്‍ 11 റണ്‍സുമായി മന്‍പ്രീത് ഗോണി പത്താന് പിന്തുണ നല്‍കി.

ആദ്യം ബാറ്റു ചെയ്ത ലങ്കക്കുവേണ്ടി ക്യാപ്റ്റന്‍ ദില്‍ഷനും ചമര കപുഗെദെരയും 23 റണ്‍സ് വീതം നേടി. കലുവിതരണ 21 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുനാഫ് പട്ടേല്‍ നാലു വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബങ്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.