LiveTV

Live

Cricket

രഞ്ജി ഫൈനലില്‍ സൗരാഷ്ട്ര ശക്തമായ നിലയില്‍

ക്ഷമയോടെ ക്രീസില്‍ നിന്ന് സെഞ്ചുറി നേടിയ വാസവദയും(287 പന്തില്‍ 106) അര്‍ധ സെഞ്ചുറി നേടിയ പൂജാരയുമാണ്(237 പന്തില്‍ 66) സൗരാഷ്ട്രക്ക് മുന്‍തൂക്കം സമ്മാനിച്ചത്...

രഞ്ജി ഫൈനലില്‍ സൗരാഷ്ട്ര ശക്തമായ നിലയില്‍

രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്ര ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സ് എടുത്തിട്ടുണ്ട്. ക്ഷമയോടെ ക്രീസില്‍ നിന്ന് സെഞ്ചുറി നേടിയ വാസവദയും(287 പന്തില്‍ 106) അര്‍ധ സെഞ്ചുറി നേടിയ പൂജാരയുമാണ്(237 പന്തില്‍ 66) സൗരാഷ്ട്രയെ രണ്ടാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ സഹായിച്ചത്.

5ന്206 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംങ് പുനരാരംഭിച്ച സൗരാഷ്ട്രക്കുവേണ്ടി വാസവദയുടേയും പുജാരയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ വിലപ്പെട്ട 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബംഗാള്‍ ബൗളര്‍മാരുടെ വീര്യം ചോര്‍ത്തിക്കളയും വിധമായിരുന്നു ഇരുവരുടേയും ബാറ്റിംങ്. രാജ്‌കോട്ടിലെ റെയില്‍വേ കോളനിയില്‍ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ഒന്നിച്ച് കളിച്ചു വളര്‍ന്നതിന്റെ ഐക്യവും ഇരുവരുടേയും ബാറ്റിംങിലും വിക്കറ്റിനിടയിലെ ഓട്ടത്തിലും പ്രകടമായിരുന്നു. 106 റണ്‍ നേടിയ വാസവദ അതില്‍ 62 റണ്‍സും ഓടിയാണ് എടുത്തത്. പുജാര(66)യാകട്ടെ ആകെ 20 റണ്‍ മാത്രമാണ് ബൗണ്ടറികളിലൂടെ നേടിയത്.

ഒടുവില്‍ ഷഹ്ബാസ് അഹ്മദാണ് ബംഗാളിന് വേണ്ടി ആ കൂട്ടുകെട്ട് പൊളിച്ചത്. വാസവദ പുറത്തായി സ്‌കോര്‍ബോര്‍ഡില്‍ പത്തു റണ്‍ ചേര്‍ക്കും മുമ്പേ പൂജാരയും മടങ്ങി. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പൂജാര റിട്ടയേഡ് ഹര്‍ട്ടായിരുന്നു. രണ്ടാം ദിനം ഉന്മേഷം വീണ്ടെടുത്ത് കളിക്കാനിറങ്ങിയ പൂജാര 237 പന്തുകള്‍ നേരിട്ടാണ് 66 റണ്‍സ് അടിച്ചത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ചിരാഗ് ജാനിയും(13) ധര്‍മ്മേന്ദ്രസിംങ് ജഡേജ(13)യുമാണ് ക്രീസില്‍

ബംഗാളിനുവേണ്ടി ആകാശ് ദീപ് മൂന്നു വിക്കറ്റും മുകേഷ് കുമാറും ഷഹ്ബാസ് അഹ്മദും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.