LiveTV

Live

Cricket

ടി20 വനിതാ ലോകകിരീടം ആസ്‌ട്രേലിയക്ക്

ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ആസ്‌ട്രേലിയ അഞ്ചാം ലോകകിരീടം സ്വന്തമാക്കിയത്...

ടി20 വനിതാ ലോകകിരീടം ആസ്‌ട്രേലിയക്ക്

കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ പിന്തള്ളി ആസ്‌ട്രേലിയ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി. ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് അഞ്ചാം തവണയും ലോക ചാമ്പ്യന്മാരായത്. ഓസീസിനുവേണ്ടി ഓപണര്‍മാരായ അലീസ ഹീലിയുടേയും(39 പന്തില്‍ 75) ബെത്ത് മൂനെയുടേയും(54 പന്തില്‍ 78*) അര്‍ധ സെഞ്ചുറി നേടി. മേഗന്‍ ഷട്ട് നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിലെ ആദ്യ പന്ത് മുതല്‍ കളി ആസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായിരുന്നു. ആദ്യം ബാറ്റു ചെയ്ത് അവര്‍ 4ന് 184 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയെ 19.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടാക്കിക്കൊണ്ട് 85 റണ്‍സിന്റെ കൂറ്റന്‍ ജയം ആഘോഷിച്ചു.

185 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ അടിതെറ്റി. കൂറ്റനടിക്കാരി ഷെഫാലി വെര്‍മയെ(2) ഷട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. സ്മൃതി മന്ദാന(11), ദീപ്തി ശര്‍മ്മ(33), വേദ കൃഷ്ണമൂര്‍ത്തി(19), റിച്ച ഘോഷ്(18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. താനിയ ഭാട്ടിയ(2), ജെര്‍മി റോഡ്രിഗസ്(0), ഹര്‍മന്‍പ്രീത് കൗര്‍(4), ഷിഖ പാണ്ഡെ(2), രാധ യാദവ്(1), പൂനം യാദവ്(1) എന്നിവരെല്ലാം ബാറ്റിംങില്‍ നിരാശപ്പെടുത്തി. വലിയ മത്സരത്തിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ ഒരാള്‍ക്ക് പോലും സാധിച്ചില്ല.

ഓസീസ് ബൗളര്‍മാരില്‍ മേഗന്‍ ഷട്ട് നാല് വിക്കറ്റുമായും ജെസ് ജൊനാസെന്‍ മൂന്നു വിക്കറ്റുമായും തിളങ്ങി.

86,174 കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയതിന്റെ എല്ലാ സമ്മര്‍ദവും നിറഞ്ഞതായിരുന്നു ദീപ്തി ശര്‍മ്മ എറിഞ്ഞ ഇന്ത്യയുടെ ആദ്യ ഓവര്‍. മത്സരത്തിലെ ആദ്യ മൂന്നു പന്തുകളും ഫുള്‍ടോസ്. ആദ്യ ഓവറില്‍ ഹീലി മൂന്ന് ഫോറുകള്‍ നേടുകയും ചെയ്തു. പിന്നീടങ്ങോട്ട് പുറത്താകുന്നത് വരെ ഓസീസ് കീപ്പര്‍ അലീസ ഹീലി എം.സി.ജി ക്രീസ് ഭരിച്ചു. പന്ത്രണ്ടാം ഓവറില്‍ വേദ കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കി പുറത്താകുമ്പോഴേക്ക് ഹീലി അടിച്ചുകൂട്ടിയത് അഞ്ച് സിക്‌സും ഏഴ് ഫോറും അടക്കം 75 റണ്‍.

പങ്കാളിയെ നഷ്ടപ്പെട്ടതോടെ അതുവരെ പിന്തുണ നല്‍കിയിരുന്ന ബെത്ത് മൂനി ഓസീസ് ഇന്നിംങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒരു സിക്‌സ് പോലും അടിക്കാതെ കണക്കുകൂട്ടിയുള്ള ഇന്നിംങ്‌സായിരുന്നു മൂനിയുടേത്. ലാനിംങ്(16), ഗാര്‍ഡ്‌നര്‍(2), ഹയ്‌നെസ്(4) എന്നിവര്‍ പുറത്തായെങ്കിലും ഓസീസ് സ്‌കോര്‍ നിരക്ക് താഴാതെ കാത്തത് മൂനിയുടെ ഇന്നിംങ്‌സായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോഴും 54 പന്തില്‍ പത്ത് ബൗണ്ടറി അടിച്ച് 78 റണ്‍സുമായി ബെത്ത് മൂനി പുറത്താവാതെ നിന്നു.

ഇന്ത്യക്കുവേണ്ടി ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റും പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.