LiveTV

Live

Cricket

‘ആഭ്യന്തര’ ക്രിക്കറ്റ് ഇതിഹാസം വസിം ജാഫര്‍ വിരമിച്ചു

260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 50.67 ശരാശരിയില്‍ 19,410 റണ്‍സാണ് വസിം ജാഫര്‍ അടിച്ചുകൂട്ടിയത്...

‘ആഭ്യന്തര’ ക്രിക്കറ്റ് ഇതിഹാസം വസിം ജാഫര്‍ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപണറും ആഭ്യന്തര ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനുമായ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 1996-97 സീസണില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ വസിം ജാഫര്‍ നീണ്ട 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും നന്ദി പറഞ്ഞ വസിം ജാഫര്‍ പരിശീലകനായോ കമന്റേറ്ററായോ ക്രിക്കറ്റിലെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപണറായി ഇറങ്ങി രണ്ട് ഇരട്ട സെഞ്ചുറിയും അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും അടക്കം 1944 റണ്‍സാണ് ഈ ഓപണര്‍ നേടിയത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ച 212 റണ്‍സിന്റെ ഇരട്ട സെഞ്ചുറിയുമുണ്ട്.

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍
Also Read

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍

2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു വസിം ജാഫര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. പിന്നീട് ഇടംകൈ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വന്നതോടെയാണ് ജാഫറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റിന്റെ കിരീടം വെക്കാത്ത രാജാവായി വസിം ജാഫര്‍ മാറുകയായിരുന്നു.

260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 50.67 റണ്‍ ശരാശരിയില്‍ 19410 റണ്‍സാണ് വസിം ജാഫര്‍ അടിച്ചുകൂട്ടിയത്. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും കുറിച്ചിട്ടുള്ള വസിമിന്റെ ഉയര്‍ന്ന സ്‌കോര്‍ 314 ആണ്. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിന്റെ റെക്കോഡും വസിം ജാഫറിന്റെപേരിലാണ്.

രഞ്ജി ട്രോഫിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരവും വസിം ജാഫറാണ്. മുംബൈക്കും വിദര്‍ഭക്കും വേണ്ടി വസിം ജാഫര്‍ രഞ്ജിയില്‍ പാഡണിഞ്ഞിട്ടുണ്ട്. രഞ്ജി ട്രോഫിയുടെ 38, 39 പതിപ്പുകളില്‍ കിരീടം നേടിയ മുബൈ ടീമില്‍ വസിം ജാഫറുമുണ്ടായിരുന്നു. അവസാന മൂന്നു സീസണില്‍ വിദര്‍ഭയിലേക്ക് മാറിയ വസിം വിദര്‍ഭക്ക് രണ്ട് വീതം രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും നേടിക്കൊടുക്കുകയും ചെയ്ത ശേഷമാണ് വിരമിച്ചിരിക്കുന്നത്.