LiveTV

Live

Cricket

ധോണി വീണ്ടും ക്രീസില്‍, ആര്‍പ്പുവിളിച്ച് ചിദംബരം സ്റ്റേഡിയം

കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിന് ലോകകപ്പ് സെമി ഫൈനലില്‍ കളിക്കാനിറങ്ങിയ ശേഷം ആദ്യമായാണ് ധോണി കാണികള്‍ക്ക് മുന്നില്‍ ബാറ്റു ചെയ്തത്...

ധോണി വീണ്ടും ക്രീസില്‍, ആര്‍പ്പുവിളിച്ച് ചിദംബരം സ്റ്റേഡിയം

നീണ്ട ഇടവേളക്കു ശേഷം ബാറ്റ് ചെയ്യാനായി പാഡണിഞ്ഞ മഹേന്ദ്ര സിംങ് ധോണിയെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച് ആരാധകര്‍. ഐ.പി.എല്‍ 2020ന് മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ പരിശീലന സെഷനിലാണ് ധോണി ബാറ്റു ചെയ്തത്. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണിയുടെ ഐ.പി.എല്ലിലെ പ്രകടനത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

പരിശീലന സെഷനായിട്ട് പോലും പൊടുന്നനെയായിരുന്നു ഗാലറികള്‍ ആര്‍പ്പുവിളികളാല്‍ നിറഞ്ഞു. പിന്നാലെ ധോണി... ധോണി വിളികളും സി.എസ്.കെ ആരാധകരില്‍ നിന്നും ഉയര്‍ന്നു. നേരത്തെ ഝാര്‍ഖണ്ഡിലും ധോണി പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും ഇത്തവണ ആദ്യമായാണ് ആരാധകര്‍ക്ക് നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്.

മാര്‍ച്ച് 29ന് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംങ്‌സും രോഹിത്ത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് സീസണിലെ ആദ്യത്തെ ഐ.പി.എല്‍ മത്സരം. മാര്‍ച്ച് 19 മുതലാണ് സി.എസ്.കെയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തില്‍ പങ്കെടുക്കാനെത്തുക.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്റിനെതിരായ സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. പിന്നീട് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നെങ്കിലും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു. ജനുവരിയില്‍ കളിക്കാരുടെ കരാറില്‍ നിന്നും ധോണിയെ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു.

ധോണിക്ക് പുറമേ അമ്പാട്ടി റായിഡു, മുരളി വിജയ്, പുതുതായി ടീമിലെത്തിയ പിയൂഷ് ചൗള, കരണ്‍ ശര്‍മ്മ, ലോക്കല്‍ ബോയ്‌സ് ആര്‍ സായ് കിഷോര്‍, എന്‍ ജഗദീശന്‍ എന്നിവരും പരിശീലന സെഷനില്‍ പങ്കെടുത്തു.