‘ടെസ്റ്റിലെ ഏറ്റവും മികച്ച ക്യാച്ച്’ ജഡേജയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം
ഒമ്പതാം വിക്കറ്റില്‍ വാഗ്നറും ജാമിസണും ചേര്‍ന്ന് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയപ്പോഴായിരുന്നു ജഡേജയുടെ അതിമനോഹരമായ ക്യാച്ച്...

രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്റിന്റെ എട്ടാം വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 177 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ടെസ്റ്റില്‍ മികച്ച ലീഡും മാനസികമായ മുന്‍തൂക്കവും നേടുമെന്ന് തോന്നിപ്പിച്ച നിമിഷം. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ നെയ്ല്‍ വാഗ്നറും കെയ്ല്‍ ജാമിസണും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
വാലറ്റത്തെ വേഗത്തില്‍ വീഴ്ത്താന്‍ കഴിവില്ലാത്തവരെന്ന ചീത്തപ്പേര് വീണ്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വരുമെന്ന നിലവന്നു. ജാമിസണും വാഗ്നറും ചേര്‍ന്നുള്ള ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് 50 റണ്‍സ് കടന്നു. ഇതോടെ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ക്കുമേല്‍ ആശങ്ക ഉയര്‍ന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാ ആയുധങ്ങളും പുറത്തെടുത്തു. അവക്കെല്ലാം കൃത്യമായ മറുപടിയുമായി വാഗ്നറും ജാമിസണും ഇന്ത്യയെ വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്ത്യന്‍ സ്കോറിലേക്ക് ന്യൂസിലന്റ് പതുക്കെ അടുത്തുകൊണ്ടിരിക്കെയാണ് ഷമിയുടെ പന്തില്‍ വാഗ്നര്‍ പുറത്താകുന്നത്. വാഗ്നറെ വീഴ്ത്തിയതിന്റെ എല്ലാ ക്രഡിറ്റും രവീന്ദ്ര ജഡേജയുടെ പറക്കും ക്യാച്ചിനുള്ളതാണ്. ഷമിയുടെ ഷോട്ട് ബോള്‍ വാഗ്നര്‍ പുള്‍ ചെയ്യുകയായിരുന്നു. ഡീപ് സ്ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജക്ക് മുകളിലൂടെ പന്ത് പൊകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ജഡേജ ഉയര്‍ന്നുചാടി ഇടതുകൈക്കുള്ളില്‍ പന്തിനെ ഒതുക്കി.
'ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഔട്ടഫീല്ഡ് ക്യാച്ചുകളിലൊന്ന്' എന്നായിരുന്നു കമന്റേറ്ററായിരുന്ന ഇയാന്‍ സ്മിത്ത് ജഡേജയുടെ ക്യാച്ചിനെ വിശേഷിപ്പിച്ചത്. ജഡേജയുടെ ക്യാച്ചോടെ ഒമ്പതാം വിക്കറ്റ് 228ല്‍ വീണ കിവീസ് 235ന് ഓള്‍ഔട്ടാവുകയും ചെയ്തു. ഇതോടെ നിര്‍ണ്ണായകമായ ഏഴ് റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് ലഭിച്ചു. പത്ത് ഓവര്‍ എറിഞ്ഞ ജഡേജ 22 റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.