LiveTV

Live

Cricket

പൃഥ്വി ഷാക്ക് പരിക്ക്, ഗില്‍ കളിച്ചേക്കും

അശ്വിന് പകരം ഓള്‍റൗണ്ടര്‍ ജഡേജ കളിക്കാനും സാധ്യത...

പൃഥ്വി ഷാക്ക് പരിക്ക്, ഗില്‍ കളിച്ചേക്കും

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. പരിക്കേറ്റ പൃഥ്വി ഷായ്ക്കു പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയേക്കും. ഇടതു കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടീമിന്റെ നെറ്റ് സെഷനില്‍ പങ്കെടുത്തിരുന്നില്ല.

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ഇന്ത്യയെ പത്തുവിക്കറ്റിന് തോല്‍പിച്ചിരുന്നു. പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് നാളെ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു വെല്ലിങ്ടണിലേത്.

പൃഥ്വിയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്നും താരം പിന്‍മാറിയേക്കും. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്കു വേണ്ടി ഗില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്നാണ് സൂചന. ആര്‍ അശ്വിന്‍ പുറത്തിരിക്കാനാണ് സാധ്യത.