LiveTV

Live

Cricket

ടി20യിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കി 16കാരി ഷെഫാലി 

ഏത് ബൗളറേയും നിര്‍ഭയമായി നേരിടുന്നതിനാല്‍ വനിതാ സെവാഗ് എന്ന വിളിപ്പേര് സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഷെഫാലി വര്‍മ്മ...

ടി20യിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കി 16കാരി ഷെഫാലി 

വനിതാ ടി20യില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എതിര്‍ടീമുകള്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് 16കാരി ഷെഫാലി വര്‍മ്മ. ആസ്‌ട്രേലിയക്കെതിരെ 15 പന്തില്‍ 29, ബംഗ്ലാദേശിനെതിരെ 17 പന്തില്‍ 39 ന്യൂസിലന്റിനെതിരെ 34 പന്തില്‍ 46 എന്നിങ്ങനെയാണ് ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായ ഷെഫാലിയുടെ സ്‌കോറുകള്‍. അവസാന രണ്ട് മത്സരത്തില്‍ ഷെഫാലിയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതുവരെ 17 ടി20 മത്സരങ്ങള്‍ കളിച്ച ഷെഫാലി 27.37 ശരാശരിയില്‍ 438 റണ്‍സാണ് അടിച്ചുകൂട്ടിയത്. പ്രഹരശേഷിയാകട്ടെ 147.97 വനിതാ ടി20 താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രഹരനിരക്കാണിത്. ദക്ഷിണാഫ്രിക്കയുടെ കോള്‍ ടെറോണിനെയാണ്(138.31) ഷെഫാലി മറികടന്നത്. അന്താരാഷ്ട്ര തലത്തില്‍ അഞ്ച് മാസമേ ആയിട്ടുള്ളൂ ഈ കൗമാരക്കാരി കളി തുടങ്ങിയിട്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

പിതാവിനും തനിക്കൊപ്പം കളിച്ച ആണ്‍കുട്ടികള്‍ക്കുമാണ് നേട്ടത്തിന്റെ ക്രഡിറ്റ് ഷെഫാലി നല്‍കുന്നത്. 'ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ക്രിക്കറ്റ് പരിശീലിച്ചത്. അച്ഛനും കൂടെ കളിച്ച എല്ലാ ആണ്‍കുട്ടികള്‍ക്കും നന്ദി പറയുന്നു' ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഷെഫാലി പറഞ്ഞു.

വനിതാ ടി20 ലോകകപ്പില്‍ ഷെഫാലിയുടെ സ്‌ട്രൈക്ക് റേറ്റ് 172.72 ആണ്. ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രഹരശേഷിയാണിത്. നാളെ ശ്രീലങ്കക്കെതിരായാണ് ഇന്ത്യയുടെ ഗ്രൂപ് തലത്തിലെ അവസാനമത്സരം. മാര്‍ച്ച് അഞ്ച് മുതലാണ് നോക്കൗട്ട് മത്സരങ്ങള്‍.