LiveTV

Live

Cricket

ടി20 ലോകകപ്പ്; അവസാന പന്തില്‍ ന്യൂസിലന്റിനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍

34 പന്തില്‍ 46 റണ്‍ അടിച്ച ഷെഫാലി വര്‍മ്മ ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു...

ടി20 ലോകകപ്പ്; അവസാന പന്തില്‍ ന്യൂസിലന്റിനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ടി20 വനിതാ ലോകകപ്പ് സെമി ഫൈനലില്‍. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പിച്ചത്. ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ 8ന് 133 റണ്‍സെടുത്തു ന്യൂസിലന്റിന്റെ മറുപടി 6ന്129ല്‍ അവസാനിച്ചു.

ഒരിക്കല്‍ കൂടി ഓപണര്‍ ഷഫാലി വര്‍മ ഫോം തെളിയിച്ചതോടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ന്യൂസിലന്റിനെതിരെ ലഭിച്ചത്. 34 പന്തില്‍ നിന്നാണ് ഷഫാലി 46 റണ്‍ അടിച്ചത്. ആസ്‌ട്രേലിയക്കും(29) ന്യൂസിലന്റിനുമെതിരെ(39)യും ഷഫാലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍ വന്നില്ലെങ്കിലും പിന്നീട് മെല്‍ബണിലെ പിച്ചില്‍ 134 മികച്ച സ്‌കോറാണെന്ന് കിവീസ് ബാറ്റിംങിലൂടെ തെളിയിച്ചു.

കിവീസിന്റെ ആദ്യ മൂന്നു വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതോടെ അവര്‍ 3ന് 34എന്ന നിലയിലെത്തി. പിന്നീട് മാഡി ഗ്രീന്‍(23 പന്തില്‍ 24), കാത്തി മാര്‍ട്ടിന്‍(28പന്തില്‍ 25) എന്നിവര്‍ക്കൊപ്പം അമേലിയ കെറിന്റെ(19 പന്തില്‍ 34) ബാറ്റിംങും അവരെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചു.

അവസാന രണ്ട് ഓവറില്‍ 34 റണ്‍ വേണ്ടിയിരുന്നു ന്യൂസിലന്റിന് ജയിക്കാന്‍. മുന്‍ മത്സരങ്ങളില്‍ എതിരാളികളെ കറക്കിയ ഇന്ത്യന്‍ സ്പിന്നര്‍ പൂനം യാദവിന്റെ അവസാന ഓവറില്‍ കെര്‍ അടിച്ചെടുത്തത് 18 റണ്‍സായിരുന്നു. ഇതോടെ വിജയലക്ഷ്യം അവസാന ഓവറില്‍ 16 റണ്‍ എന്നായി മാറി. അവസാന ഓവര്‍ എറിയാനെത്തിയ ശിഖ പാണ്ഡെയെ ഹാര്‍ലി ജെന്‍സണ്‍ ബൗണ്ടറിയോടെയാണ് സ്വീകരിച്ചത്. അവസാന രണ്ട് പന്തില്‍ കിവീസ് ജയത്തിന് വേണ്ടിയിരുന്നത് എട്ട് റണ്‍. കെര്‍ ആദ്ദയ പന്ത് ബൗണ്ടറി പായിച്ചു. നിര്‍ണ്ണായക പന്ത് യോര്‍കര്‍ എറിഞ്ഞ പാണ്ഡെ കിവീസിനെ ഒരു ലെഗ്‌ബൈയില്‍ ഒതുക്കി രണ്ടാം റണ്ണിനോടിയ ഹാര്‍ലിയെ റണ്‍ ഔട്ടാക്കുകയും ചെയ്തു.

ഷെഫാലി വര്‍മ്മ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കളിയിലെ മികച്ച താരമായി.